തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.

പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.

ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.