ന്യൂഡല്‍ഹി: ക്രൂരമായ ബലാത്സംഗത്തിനിരയായ 18 കാരി കേസ് ഒതുക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന മാതാപിതാക്കളെ പോലീസില്‍ കുടുക്കി. കൂട്ട ബലാത്സംഗത്തിന് പിടിയിലായ പ്രതികളില്‍ നിന്നും വന്‍തുക കൈക്കൂലി കൈപ്പറ്റി കേസ് പിന്‍വലിക്കാനും മൊഴി മാറ്റാനും നിര്‍ബ്ബന്ധിച്ച അപ്പനും അമ്മയ്ക്കും എതിരേ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. കുറ്റവാളികളില്‍ ഒരാളില്‍ നിന്നും മാതാപിതാക്കള്‍ അഡ്വാന്‍സായി വാങ്ങിയ അഞ്ചു ലക്ഷം രൂപയുമായിട്ടാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കാനെത്തിയത്. തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിതാവ് മുങ്ങി.

2017 ല്‍ നടന്ന സംഭവത്തില്‍ കേസ് പിന്‍ വലിക്കാനും മൊഴി മാറ്റിപ്പറയാനും മകളെ നിര്‍ബ്ബന്ധിക്കാന്‍ ഇടക്കാല ജാമ്യം നേടിയ പ്രതികളില്‍ ഒരാള്‍ മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സ് തുക സ്വീകരിച്ച മാതാപിതാക്കള്‍ മൊഴിമാറ്റി കേസ് പിന്‍ വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു മകളെ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ചു ലക്ഷം അഡ്വാന്‍സായി മാതാപിതാക്കള്‍ വാങ്ങുകയും ചെയ്തു. രണ്ടു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ഇടക്കാല ജാമ്യം നേടി പുറത്തുണ്ടായിരുന്നു. ഇയാളാണ് മൊഴി മാറ്റാനും കേസ് പിന്‍ വലിക്കാനും പെണ്‍കുട്ടിയെക്കൊണ്ടു സമ്മതിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനമുണ്ടാക്കിയത്. ദരിദ്ര സാഹചര്യത്തില്‍ ആദ്യം പെണ്‍കുട്ടിക്കൊപ്പം ഉറച്ചു നിന്ന മാതാപിതാക്കള്‍ അഞ്ചു ലക്ഷം അഡ്വാന്‍സ് നല്‍കാമെന്ന പ്രതിയുടെ വാക്കില്‍ വീണുപോകുകയായിരുന്നു. ഇതോടെ അവര്‍ മകളെ മൊഴിമാറ്റാന്‍ നിര്‍ബ്ബന്ധിച്ചു.

യുവതി ഇക്കാര്യം നിഷേധിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് മാതാപിതാക്കള്‍ പണം കൈപ്പറ്റിയത്. ഇതോടെ പെണ്‍കുട്ടി ചൊവ്വാഴ്ച പോലീസിനെ സമീപിക്കുകയും കാര്യം ബോധിപ്പിക്കുകയുമായിരുന്നു. തന്നെ അജ്ഞാതരായ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വഴിയരികില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇവരില്‍ ജാമ്യം നേടി പുറത്ത് നില്‍ക്കുന്ന സുനില്‍ ശശി എന്നയാള്‍ തന്റെ മാതാപിതാക്കളെ ഏപ്രില്‍ 8 ന് വാഗ്ദാനവുമായി സമീപിച്ചെന്നും അതോടെ ഒരിക്കല്‍ ഒപ്പം നിന്ന മാതാപിതാക്കള്‍ എതിരാളികളായി മാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാതാപിതാക്കള്‍ ശശിയുമായി കൂടിക്കാഴ്ച നടത്തുന്നതും സംസാരിച്ചതുമെല്ലാം പെണ്‍കുട്ടി വീട്ടില്‍ ഉള്ളപ്പോഴായിരുന്നു. അവരുടെ സംസാരം വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ശശി വീട്ടില്‍ നിന്നും പോയ ശേഷം മാതാപിതാക്കളുടെ അരികിലെത്തി കേട്ട കാര്യങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ മകളെ തെറ്റായ മൊഴി നല്‍കാന്‍ പഠിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ എല്ലാം നിഷേധിച്ച അവള്‍ തന്റെ മൊഴിയില്‍ ഉറച്ചു നിന്നതോടെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പാവപ്പെട്ടവരായതിനാല്‍ ജീവിക്കാന്‍ തങ്ങള്‍ക്ക് പണം വേണമെന്ന് പറഞ്ഞതായും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

ഇതിനിടയിലാണ് ആരോ കൊണ്ടു വന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് തുക അഞ്ചു ലക്ഷം നല്‍കിയത്. ഈ പണം മാതാപിതാക്കള്‍ മറ്റാരും കാണാതെ കിടക്കയുടെ കീഴില്‍ ഒളിപ്പിച്ചു. എന്നാല്‍ മാതാപിതാക്കള്‍ പുറത്തു പോയ തക്കത്തിന് പണസഞ്ചി വലിച്ചെടുത്ത പെണ്‍കുട്ടി അതുമായി നേരെ അമന്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പരാതി നല്‍കുകയും എല്ലാ കാര്യങ്ങളും പോലീസിനോട് പറയുകയും ചെയ്തു. പെണ്‍കുട്ടി പോലീസിന് പണം നല്‍കിയതിന് തൊട്ടു പിന്നാലെ പോലീസ് ടീമിനെ സജ്ജമാക്കി അന്വേഷണവും തുടങ്ങി. മകള്‍ പോലീസിനെ സമീപിച്ചത് അറിയാതിരുന്ന മാതാവിനെയാണ് ആദ്യം പോലീസ് പൊക്കിയത്. എന്നാല്‍ ഈ സമയം കൊണ്ട് പിതാവ് മുങ്ങുകയും ചെയ്തു.