ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ന്യൂ ജേഴ്‌സിയിലെ കൊളോണിയ ഹൈസ്കൂളിൽ പഠിച്ചവരും ജോലി ചെയ്തവരുമായ നൂറോളം പേർക്ക് വളരെ അപൂർവമായ ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ളതായി പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ ക്യാൻസർ ബാധിച്ച ശേഷം അതിനെ അതിജീവിച്ച കൊളോണിയ ഹൈസ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അൽ ലുപിയാനോ എന്ന അൻപത് വയസ്സുകാരനാണ് ഇത് സംബന്ധിച്ച് ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് സംഭവിച്ചതുപോലെ ഇതേ സ്കൂളിൽ ജോലി ചെയ്തവരും പഠിച്ചവരും ആയ നിരവധി പേർക്ക് ഇത്തരത്തിൽ ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ളതായി ലുപിയാനോ കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്കൂളിൽ പഠിച്ചവരായ ലുപിയാനോയുടെ ഭാര്യയ്ക്കും സഹോദരിക്കും ഇത്തരത്തിൽ രോഗം നിർണയിക്കപ്പെട്ടതോടെയാണ് തന്റെ സംശയം ശക്തമായതെന്ന് ലുപിയാനോ വ്യക്തമാക്കി. നാല്പത്തിനാലാം വയസ്സിലാണ് ഇദ്ദേഹത്തിന്റെ സഹോദരി ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചത്. ഇതേ തുടർന്ന് ഇതേ സ്കൂളിൽ പഠിച്ച മറ്റുള്ളവർക്ക് രോഗമുണ്ടോ എന്നറിയാനായി ലുപിയാനോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. അവിടുത്തെ പരിസ്ഥിതിയിൽ ഉള്ള റേഡിയേഷൻ മൂലമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
വുഡ്ബ്രിഡ്ജിലുള്ള ഈ സ്കൂളിനെയും അതിന്റെ പരിസരത്തെയും സംബന്ധിച്ച് വുഡ്ബ്രിഡ്ജ് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വനഭൂമിയിൽ ആണ് 1967ൽ ഈ സ്കൂൾ നിർമ്മിക്കപ്പെട്ടതെന്ന് വുഡ്ബ്രിഡ്ജ് മേയർ വ്യക്തമാക്കി. ഗ്ലിയോബ്ലാസ്‌റ്റോമ എന്ന ഈ അപൂർവ്വ ഇനം ക്യാൻസർ ബാധിക്കപ്പെട്ട അവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ശക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് നിലവിൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഒരുലക്ഷം പേരിൽ 3.21 ശതമാനത്തിനു മാത്രമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നതെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂറോളജിക്കൽ സർജൻസ് വ്യക്തമാക്കി. പരിസ്ഥിതിയിൽ ഉള്ള കാരണങ്ങളാകാം ഇത്രയും പേരിൽ രോഗം കണ്ടെത്താൻ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം. 28 ഏക്കർ ഉള്ള സ്കൂളിന്റെ ക്യാമ്പസിലും പരിസരങ്ങളിലും റേഡിയോളജിക്കൽ സർവ്വേകൾ നടത്തുവാനുള്ള തീരുമാനമായിട്ടുണ്ട്. 1990 കളിൽ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ലുപിയാനോയ്ക്ക് കാൻസർ കണ്ടെത്തിയത്.
Leave a Reply