പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിന് 23 വയസുണ്ട് പക്ഷേ മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുടെ ശരീരമാണ് അദ്ദേഹത്തിന്റേത്. ഒരു സാധാരണ കുട്ടിയുടെ എല്ലാ ആരോഗ്യമികവും ജനനസമയത്ത് മന്‍പ്രീതിനുണ്ടായിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും പ്രാപ്തിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ണമായും നിലച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വളര്‍ച്ച നിലച്ച കാര്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. രോഗവിവരം മനസിലായതിന് ശേഷം നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ആദ്യഘട്ടങ്ങളില്‍ വളര്‍ച്ച പുനഃസ്ഥാപിക്കപ്പെടുമെന്ന് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അതും നഷ്ടമായി. കൗമാര പ്രായം കഴിഞ്ഞിട്ടും മന്‍പ്രീതിന് സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയില്ല. എന്നാല്‍ കുഞ്ഞുകുട്ടികളെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യും.
ഡോക്ടര്‍മാര്‍ക്ക് മന്‍പ്രീതിന്റെ രോഗം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വളര്‍ച്ചാ ഹോര്‍മോണുകളുടെ അപര്യാപ്തതയാണ് കാരണമെന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് ലാറോണ്‍ സിന്‍ഡ്രോം ആയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തില്‍ വെറും 300 പേര്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. ഇക്വഡോറിലാണ് ഇത്തരം രോഗികളില്‍ കൂടുതല്‍ പേരുമുള്ളത്. മന്‍പ്രീതിന്റെ സഹോദരനും സഹോദരിക്കും ഇത്തരം പ്രശ്‌നങ്ങളില്ല. അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. ചികിത്സിക്കാനും മറ്റും ചെലവുകള്‍ വഹിക്കാനും കഴിയാതെ വന്നതോടെ അദ്ദേഹത്തെ മറ്റൊരു ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണ് മാതാപിതാക്കള്‍.
വെറും 11 പൗണ്ട് തൂക്കമുള്ള കുട്ടിയുടെ ശരീരമാണ് മന്‍പ്രീതിന്റേത്. സാധാരണ ആളുകളെപ്പോലെ ആശയവിനിമയം സാധ്യമല്ലാത്ത അദ്ദേഹം ആംഗ്യഭാഷയിലൂടെയാണ് കാര്യങ്ങള്‍ സംവദിക്കുന്നത്. വീട്ടിലെത്തുന്ന അഥിതികളോട് ഇരിക്കാന്‍ പറയാനും ചിരിക്കാനും മന്‍പ്രീത് പ്രത്യേക താല്‍പ്പര്യം കാണിക്കും. കുട്ടികള്‍ക്ക് നായയെ പേടിയുള്ളതിന് സമാനമാണ് മന്‍പ്രീതിന്റെയും കാര്യം. പട്ടികളുടെ കുര കേട്ട് കഴിഞ്ഞാലുടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പരിചരണവും മന്‍പ്രീതിന് ആവശ്യമാണ്. അസുഖത്തിന് ചികിത്സ ലഭ്യമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മന്‍പ്രീതിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. ഇതിനായി ഗോഫണ്ട്മീയുടെ ഇന്ത്യന്‍ പതിപ്പായ കെറ്റോയിലൂടെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ്.
Leave a Reply