ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാന്യമായ ശമ്പള വർദ്ധനവിനായി തുടർ ചർച്ചകൾ പുനരാരംഭിക്കാൻ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ 5 ശതമാനത്തിന് പകരം രണ്ടക്ക ശമ്പള വർദ്ധനവിനായി തങ്ങൾ പട പൊരുതുമെന്ന് ആർസിഎൻ നേതാവ് പാറ്റ് കുള്ളൻ പറഞ്ഞു. 2023 – 24 – ൽ 5 ശതമാനം വർദ്ധനവാണ് സർക്കാർ നടപ്പിലാക്കിയ ശമ്പള വർദ്ധനവ്. എന്നാൽ ഈ നിർദ്ദേശം ആർസിഎൻ നിരസിച്ചിരുന്നു .
ചർച്ചകൾ വീണ്ടും പുനരാരംഭിക്കുവാൻ ആർസിഎൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ആർസിഎന്നിന്റെ ആവശ്യത്തോടെ നിഷേധപരമായ സമീപനമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ ശമ്പള വർദ്ധനവിനെ കുറിച്ച് വളരെ ഉദാരമെന്നാണ് എനർജി സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അഭിപ്രായപ്പെട്ടത് . എന്നാൽ യുകെയിലെ കടുത്ത ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിൽ നിൽക്കുന്നതുമായ സാഹചര്യത്തിൽ നിലവിലെ ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്നാണ് ആർസിഎൻ വാദിക്കുന്നത്.
നേരത്തെ സർക്കാർ മുന്നോട്ട് വച്ച ശമ്പള വർദ്ധനവ് ആർസിഎൻ ഒഴിച്ചുള്ള മറ്റ് യൂണിയനുകളുടെ അംഗങ്ങൾ വോട്ടിനിട്ട് അംഗീകരിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശത്തിനെതിരെ ആർസിഎൻ യൂണിയനിലെ 54 ശതമാനം ആൾക്കാരും എതിർത്ത് വോട്ട് ചെയ്തതോടെയാണ് യൂണിയൻ നേതൃത്വം വീണ്ടും സമരമുഖത്ത് ഇറങ്ങിയത്. മെയ് ഒന്നിന് ഇംഗ്ലണ്ടിലെ നേഴ്സുമാർ 24 മണിക്കൂർ പണിമുടക്കിയിരുന്നു. തീവ്രചരണം ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിൽ നിന്നും ആർസി എൻ അംഗങ്ങൾ പണിമുടക്കിൽ അണിചേരുന്നത് ആദ്യമായിട്ടാണ്
Leave a Reply