കഷ്ടപ്പാടിന്റെ വിജയഗാഥകള്‍ ഒരുപാട് കേട്ടിരിക്കാമെങ്കിലും ‘ദോശ പ്ലാസ’യുടെ കഥ തീര്‍ച്ചയായും നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം സ്വന്തം കഠിനപ്രയത്നത്താല്‍ കെട്ടിപ്പൊക്കിയ കഥയാണ് പ്രേം ഗണപതിയ്ക്ക് പറയാനുള്ളത്. 17ാമത്തെ വയസില്‍ പട്ടിണി സഹിക്കാനാകാതെ സ്വന്തം നാടായ തൂത്തുകുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ട് പ്രേം ദുരിത പര്‍വ്വങ്ങള്‍ ഏറെ താണ്ടിയാണ് ഇന്ന് മുപ്പത് കോടിയുടെ ആസ്തിയുള്ള സമ്പന്ന പദവിയിലേക്ക് എത്തിയത്.
പ്രേം ഗണപതിയുടെ കഥ ഇങ്ങനെ:
പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു. അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന് മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, മുംബൈയിലെത്തിയ പ്രേമിന് ആ പരിചിതനെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ അവന് തളര്‍ന്നില്ല, പലരോടും സഹായം അഭ്യര്‍ത്ഥിച്ച് അവസരങ്ങല്‍ സ്വയം സൃഷ്ടിച്ചു.
‘ഞാന്‍ അവിടെ എത്തി അടുത്ത ദിവസം തന്നെ മാഹീം എന്ന ബേക്കറിയില്‍ പാത്രങ്ങള്‍ കഴുകാനുള്ള ജോലി ലഭിച്ചു. 150 രൂപയായിരുന്നു മാസവരുമാനം. എനിക്ക് ബേക്കറിയില്‍ തന്നെ തലചായ്ക്കാനുള്ള അവസരവും ലഭിച്ചു. അടുത്ത രണ്ടുവര്‍ഷം ഞാന്‍ നിരവധി റസ്റ്റോറന്റുകളില്‍ ജോലി ചെയ്ത് കഴിയുന്നത്ര സമ്പാദിച്ചു.’- ഒരു സ്വകാര്യ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പ്രേം വ്യക്തമാക്കി.
1992 ആയപ്പോഴേക്കും പ്രേമിനു ചെറിയൊരു തുക സമ്പാദ്യമായി സ്വരൂപിക്കാനായി. ആ പണമുയോഗിച്ച് ഒരു ഉന്തുവണ്ടി വാടകയ്ക്ക് എടുത്തു. വാഷി റെയില്‍വേ സ്റ്റേഷന് എതിരെയുള്ള തെരുവില്‍ ദോശയും ഇഡ്ഡലിയും വില്ക്കാന് തുടങ്ങി. ആരംഭകാലത്ത് നിരവധി ബുദ്ധിമുട്ടുകള്‍ ആഭിമുഖീകരിക്കേണ്ടിവന്നു ആ യുവാവിന്. നിരവധി തവണ മുനിസിപ്പാലിറ്റിക്കാര് അവരുടെ വാനില്‍ ഉന്തുവണ്ടി എടുത്തുകൊണ്ട് പോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പ്രതീക്ഷ കൈവിടാതെ അവന് മുന്നോട്ടുപോയി.
പ്രേമിന്റെ കൂടെ താമസിച്ചിരുന്നവര്‍ നല്ല വിദ്യാഭ്യാസം ഉള്ളവരായിരുന്നു. അവരില്‍ നിന്ന് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് പല തരം വ്യവസായങ്ങളെക്കുറിച്ച് അറിയുന്നത്. തന്റെ ഉന്തുവണ്ടിക്ക് സമീപമുള്ള റെസ്റ്റോറന്റിന്റെ വിജയം കണ്ടതിന് ശേഷമാണ് സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്ന ആഗ്രഹം അവനിലേക്കെത്തിയത്.
1997ല്‍ ഒരു ചെറിയ സ്ഥലം മാസം 5000 രൂപ വച്ച് അദ്ദേഹം ലീസിനെടുത്തു. ‘പ്രേം സാഗര്‍ ദോശ പ്ലാസ’ എന്ന് പേരും നല്കി. ദോശകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചു. ഇന്ന് 105 തരം ദോശകള്‍ ഇവിടെ ലഭ്യമാണ്. റസ്റ്റൊറന്‍രിനടുത്തൊരു ഷോപ്പിങ് മാള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വില്‍പ്പന കൂടി. വൈകാതെ ഷോപ്പിങ് മാളിലും ഒരു ഔട്ട്ലെറ്റ് തുറന്നു. വൈകാതെ നിരവധി ഫ്രാഞ്ചൈസികള്‍ ലഭിക്കാന്‍ തുടങ്ങി. വിദേശത്ത് നിന്ന് പോലും പ്രേമിനെ തേടി അവസരങ്ങളെത്തി. ഇന്ന് ഇന്ത്യയിലുടനീളം 45 ഔട്ട്ലെറ്റുകളാണ് ദോശ പ്ലാസയ്ക്കുള്ളത്. കൂടാതെ യുഎഇ, ഒമാന്‍, ന്യൂസിലന്റ് എന്നിവിടങ്ങളിലായി ഏഴ് ഔട്ട്ലറ്റുകളുമുണ്ട്.
Leave a Reply