ലണ്ടന്‍: വിമാനങ്ങളില്‍ ബോര്‍ഡ് ചെയ്യുമ്പോള്‍ ആരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ബോര്‍ഡിംഗ് ഇടതുവശത്തു കൂടി മാത്രമാണ് ചെയ്യുന്നത്. വിമാനത്താവളത്തിലെത്തുക, ബോര്‍ഡ് ചെയ്യുക എന്നിവക്കിടെ ഇത് സ്വാഭാവികം മാത്രമാണെന്നായിരിക്കും യാത്രക്കാര്‍ കരുതുക. എന്നാല്‍ ഇതിനൊരു കാരണമുണ്ടെന്ന് അറിയാമോ? കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും നൂറ്റാണ്ടുകളോളം പഴക്കമുള്ള രീതിയാണ് ഈ യുഗത്തിലും വിമാനത്തില്‍ കയറാനും ഇറങ്ങാനും അനുവര്‍ത്തിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
മുന്‍കാല വിമാനത്താവളങ്ങളില്‍ ടെര്‍മിനലുകള്‍ക്ക് സമാന്തരമായി വിമാനങ്ങള്‍ ടാക്‌സി ചെയ്ത് നിര്‍ത്തുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. ഇടതുവശത്താണ് ക്യാപ്റ്റന്‍ ഇരിക്കുന്നത്. ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് ചിറകിലേക്കുള്ള ദൂരം കണക്കാക്കാന്‍ ഈ രീതി ഇവരെ സഹായിച്ചിരുന്നു. ചില വിമാനങ്ങള്‍ക്ക് വലതുവശത്ത് ഡോറുകള്‍ ഉണ്ടായിരുന്നെങ്കിലും പൈലറ്റുമാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നാണ് ഒരു അഭിപ്രായം. ചില വിമാനത്താവളങ്ങളില്‍ പിന്‍വാതിലില്‍ സ്റ്റെയര്‍ ഘടിപ്പിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാര്‍ തിരക്കുള്ള റാമ്പിലൂടെ അലഞ്ഞുതിരിയാതിരിക്കാനായി പിന്നീട് കയറുന്നതും ഇറങ്ങുന്നതും ഇടതുവശത്തു കൂടി മാത്രമാക്കി.
ലഗേജുകളും മറ്റു സാധനങ്ങളും കയറ്റുന്നതും ഈ വശത്ത്കൂടിയായിരുന്നു. എന്നാല്‍ ഇന്ധനം നിറക്കുമ്പോള്‍ സുരക്ഷക്കായി യാത്രക്കാരുടെ നീക്കം ഒരു വശം വഴി മാത്രമാക്കി. ബാഗേജുകള്‍ കയറ്റുന്നതും പിന്നീട് ഈ വിധത്തിലാക്കി മാറ്റിയെന്നാണ് ഒരു അഭിപ്രായം. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കപ്പല്‍ ഗതാഗതത്തില്‍ ഉപയോഗിച്ചിരുന്ന രീതിയാണ് ഇതെന്ന അഭിപ്രായം ചില പൈലറ്റുമാര്‍ പങ്കുവെക്കുന്നു. തുറമുഖം ഇടതുവശത്തും സ്റ്റാര്‍ബോര്‍ഡ് വലതുവശത്തുമായാണ് കപ്പലുകളില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും വിമാനങ്ങള്‍ നിര്‍മിച്ചപ്പോള്‍ ഇതേ രീതി അനുകരിക്കുകയായിരിക്കാമെന്നും ആന്‍ഡ്രൂ സ്റ്റാഗ് എന്ന പൈലറ്റ് പറയുന്നു.
വലിയ വിമാനങ്ങളില്‍ രണ്ട് വശങ്ങളിലും വാതിലുകളുണ്ട്. എന്നാല്‍ വലതുവശത്തുള്ള വാതിലുകള്‍ ബാഗേജുകള്‍ക്കും കേറ്ററിംഗ് ട്രക്കുകള്‍ക്കും മാത്രമായാണ് ഉപയോഗിക്കുന്നത്. ആധുനിക വിമാനങ്ങളെല്ലാം ഇപ്പോള്‍ ഈ രീതി പിന്തുടരുകയാണ്. ജെറ്റ് ബ്രിഡ്ജുകള്‍ സാധാരണമാകുന്നതിനു മുമ്പ് വര്‍ഷങ്ങളോളം അനുവര്‍ത്തിച്ചു വന്ന രീതി ഇപ്പോള്‍ ഒരു സമ്പ്രദായമായി മാറിയിരിക്കുകയാണ്.
Leave a Reply