നിലമ്പൂർ: ടെലിഫിലം, സീരിയൽ നടി തീകൊളുത്തി മരിച്ചത് ബാംഗ്ലൂരിൽ ലോണെടുത്ത് ആംരംഭിക്കാനിരുന്ന ബ്യൂട്ടിപാർലർ തുടങ്ങാൻ കഴിയാത്തതിന്റെ വിഷമംകൊണ്ട്. ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി ബാംഗ്ലൂരിൽ ബ്യൂട്ടി പാർലർ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. മകളുമായി നിലമ്പൂർ കരുളായിലെ വാടക വീട്ടിൽ ഒറ്റക്ക് താമസമാക്കിയിരുന്ന യുവതിക്ക് പക്ഷെ ബാംഗ്ലൂരിൽ തനിച്ച് പോയി പണികൾ പൂർത്തീകരിക്കാനോ കട തുടങ്ങാനോ സാധിച്ചില്ല. അതിനിടെ രാജ്യത്ത് നടന്ന സാമ്പത്തിക ജിഎസ്ടിയും, നോട്ട് നിരോധനവുമടക്കമുള്ള പരിഷ്‌കാരങ്ങളും വിനയാവുകയുമായിരുന്നു.
ഇതിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രയാസമാണ് മമ്പാട് തെക്കുംപാടം വിജയന്റെ മകൾ കവിതയെ മരണത്തിലേക്ക് നയിച്ചത്. ഈ മാനസിക പ്രയാസങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം കൂടെയുണ്ടായിരുന്ന മകളെ കൂടി ബന്ധുക്കൾ കൂട്ടിക്കൊണ്ട് പോയത്. ഈ സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ മകൾ കൂടിപോയതോടെയായിരിക്കാം കവിതയെ ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുടുംബ പ്രശ്നങ്ങൾക്കിടയിലും കലാരംഗത്ത് സജീവമായിരുന്നു കവിത. നിരവധി വീഡിയോ ആൽബങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ച കവിത കൂട്ടുകാർക്കിടയിൽ വൈഗ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ഇതിനിടെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതികളുമുണ്ടായിരുന്നു. ഇതിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കി കൂട്ടുകാരുമായി ചർച്ചചെയ്തിരുന്നു. നിലമ്പൂരിൽ കഴിഞ്ഞ തവണ നടന്ന റീജിയണൽ ഐഎഫ്എഫ്കെയിലും കവിതയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. നിലമ്പൂരിലെ ഇടത് സാംസ്‌കാരിക പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന ഒരാളുകൂടിയായിരുന്ന കവിതയെന്ന വൈഗ. അതിനിടെ ബാംഗ്ലൂരിൽ ബിസിനസ് നടത്തിയിരുന്ന വിപിൻ എന്നൊരാളുമായി പരിചയത്തിലാവുകയും രണ്ട് പേരും വിവാഹം കഴിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു.
വിപിനും കവിതയെപോലെ വിവാഹമോചിതനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു കവിതയുമായി പരിചയം സ്ഥാപിച്ചിരുന്നത്. എന്നാൽ വിപിന് നിലവിൽ ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ ഇയാളുമായി അകലുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കൂട്ടുകാരോടൊക്കെ താൻ ആത്മഹത്യ ചെയ്യുമെന്ന് കവിത പറഞ്ഞിരുന്നെങ്കിലും കവിതയെ പോലെ വളരെ ബോൾഡായിട്ടുള്ള ഒരാൾ ഒരിക്കലും അത് ചെയ്യില്ലെന്നും തമാശ പറയുകയായിരിക്കുമെന്നാണ് കൂട്ടുകാർ കരുതിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടുകാരുടെ ഫോണിലേക്ക് മകളുടെ ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ കവിത തനിച്ച് താമസിച്ചിരുന്ന വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴാണ് നാട്ടുകാരും സുഹൃത്തുക്കളും കവിത ഇത്രയും നാൾ തങ്ങളോട് ആത്മഹത്യ ചെയ്യുമെന്ന് കാര്യമായി പറഞ്ഞതാണെന്ന് മനസ്സിലാക്കിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിൽ ആദ്യം അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും വാതിൽ ചവിട്ടിപ്പൊളിച്ച് വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പിന്നീടാണ് മനസ്സിലായത് പെട്രോൾ ഒഴിച്ച് കവിത ആത്മഹത്യ ചെയ്തതാണെന്ന്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിച്ചു.
Leave a Reply