ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആദ്യമായി വീട് വാങ്ങുന്നവർക്കു നൽകുന്ന വായ്പ തുക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. സെപ്റ്റംബർ വരെയുള്ള കാലയളവിൽ വർഷത്തിൽ ഒരു ഫസ്റ്റ് ടൈം ബയർ ശരാശരി £2,10,800 രൂപയുടെ മോർട്ട്ഗേജാണ് എടുത്തത്. ശമ്പളവർധനയും ബാങ്കുകളുടെ വായ്പാ നിബന്ധനകളിൽ വന്ന ഇളവുകളും മൂലം മുമ്പ് സ്വപ്നം കാണാൻ സാധിക്കാതിരുന്ന വീടുകൾ പോലും ഇപ്പോൾ പലർക്കും സ്വന്തമാക്കാൻ സാധിക്കുന്ന സ്ഥിതിയാണ്. .യുകെ ആസ്ഥാനമായുള്ള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ സാവിൽസ് നടത്തിയ പഠനമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ ഹൗസിംഗ് മാർക്കറ്റിലെ മൊത്തം ചെലവിന്റെ 20 ശതമാനവും ഇപ്പോൾ ആദ്യമായി വീട് വാങ്ങുന്നവരുടേതാണ്. 2007ന് ശേഷം ഇത്രയും ഉയർന്ന പങ്ക് ഇതാദ്യമായാണ്. ലണ്ടനിൽ ഈ പ്രവണത കൂടുതൽ ശക്തമാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ വർഷം തലസ്ഥാന നഗരിയിൽ നടന്ന വീടുവാങ്ങലുകളിൽ പകുതിയിലധികവും ഫസ്റ്റ് ടൈം ബയറുകളുടേതാണെന്ന് ഹാംപ്ടൺസ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം കൂടുതൽ വായ്പയാണ് ബാങ്കുകൾ ഈ വിഭാഗത്തിന് അനുവദിച്ചത്.

ബാങ്കുകളുടെ നിയമങ്ങളിൽ വന്ന ഇളവും പലിശനിരക്ക് കുറയുന്നതിനും വീട് വാങ്ങുന്നവർക്ക് വലിയ സഹായമായി ഭവിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രണ്ട് വർഷത്തെ ശരാശരി മോർട്ട്ഗേജ് പലിശ 4.91 ശതമാനമായും അഞ്ച് വർഷത്തേത് 4.86 ശതമാനമായും കുറഞ്ഞു. വീടുകളുടെ വില പല മേഖലകളിലും ഇടിഞ്ഞതും വിപണിയെ അനുകൂലമാക്കി. ക്രിസ്മസിന് ശേഷം വിപണി വീണ്ടും സജീവമാകുമെന്നും ‘ബോക്സിങ് ഡേ ബൗൺസ്’ ഉണ്ടാകുമെന്നുമാണ് റൈറ്റ് മൂവ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വിലയിരുത്തൽ. വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് ഈ മാറ്റങ്ങൾ അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ വായ്പ ലഭിക്കുന്നതോടെ നല്ല വീടുകൾ തിരഞ്ഞെടുക്കാൻ കഴിയും. പലിശനിരക്ക് കുറവായതിനാൽ മാസതവണ അടയ്ക്കുന്ന തുകയുടെ ഭാരം കുറയുന്നത് മലയാളികൾക്ക് ഉപകാരപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.