ലണ്ടന്‍: കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസില്‍ നിന്ന് രാജിവെച്ച യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ബ്രെക്സിറ്റ് ഭീതികള്‍ മൂലമാണ് ഇത്രയും ജീവനക്കാര്‍ കൊഴിഞ്ഞത്. ബ്രെക്സിറ്റ് ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമോ എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. 2016ല്‍ 17,197 യൂറോപ്യന്‍ പൗരന്‍മാര്‍ എന്‍എച്ച്എസിലെ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. നഴ്സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവരാണ് ജോലി ഉപേക്ഷിച്ചത്. 2015ല്‍ 13,321 പേരും 2014ല്‍ 11,222 പേരുമാണ് ഈ വിധത്തില്‍ ജോലി ഉപേക്ഷിച്ചത്.
എന്‍എച്ച്എസ് ഡിജിറ്റല്‍ ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ഇതിനു പിന്നാലെ യൂറോപ്യന്‍ ജീവനക്കാര്‍ക്ക് യുകെയില്‍ തൊഴില്‍ സുരക്ഷയുള്‍പ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവുമായി ആരോഗ്യരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കണക്ക് തയ്യാറാക്കിയ സമയത്ത് ജോലിക്ക് പ്രവേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിലും അതേ അനുപാതത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനമാകുന്നത്.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതോടെ ഇനി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. ഇത്രയേറെ യൂറോപ്യന്‍ പൗരന്‍മാര്‍ ആരോഗ്യമേഖലയിലെ ജോലികള്‍ ഉപേക്ഷിക്കുന്നതില്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിനെയാണ് പഴിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വ്യക്തമായ ഉറപ്പുകള്‍ പ്രധാനമന്ത്രി നല്‍കാതിരുന്നതാണ് ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.