ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻപ് എങ്ങും ഇല്ലാത്ത വിധത്തിൽ യുകെയിൽ ഭവനരഹിതരുടെ എണ്ണം കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 150,000-ത്തിലധികം കുട്ടികൾ ഇംഗ്ലണ്ടിൽ താത്കാലിക വസതികളിൽ ആണ് താമസിക്കുന്നത് . ഈ വർഷം മാർച്ച് അവസാനവാരത്തിലെ കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കൽ ഗവൺമെൻ്റ് മന്ത്രാലയം എന്നിവ പുറത്തുവിട്ട കണക്കുകളെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണൽ യുകെ വിശേഷിപ്പിച്ചത് വളരെ ഗുരുതരമെന്നാണ് .
ഭവനരഹിതരായ പല കുട്ടികളെയും ഹോസ്റ്റലുകളിലും ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സെൻററുകളിലുമാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് സെൻററുകൾ അടിയന്തിര സാഹചര്യങ്ങളിൽ പരമാവധി 6 ആഴ്ചത്തേക്ക് മാത്രം കുടുംബങ്ങൾ താമസിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്. എന്നാൽ കണക്കുകൾ പ്രകാരം പ്രാദേശിക തലത്തിൽ കുട്ടികളുള്ള ആയിരക്കണക്കിന് കുടുംബങ്ങളെ ഇത്തരം പാർപ്പിടങ്ങളിൽ ദീർഘകാലത്തേക്ക് താമസിപ്പിച്ചിട്ടുണ്ടെന്നാണ്. ഇത്തരം താത്കാലിക ഭവനങ്ങളിൽ മാസങ്ങളോളം താമസിക്കുന്നത് കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഗവൺമെൻറ് കൂടുതൽ ഭവന പദ്ധതികൾ നടപ്പിലാക്കണമെന്ന് ഹൗസിംഗ് ചാരിറ്റി ഷെൽട്ടറിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പോളി നീറ്റ് പറഞ്ഞു.
താത്കാലിക ഭവനങ്ങളിൽ താമസിക്കുന്ന ആളുകൾ പൊതുസ്ഥലങ്ങളിലോ കാർ പാർക്കിങ്ങ് ഏരിയകളിലോ ഉറങ്ങുന്ന സാഹചര്യവും നിലവിലുണ്ട് . ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്നാണ് ഭാവനരഹിതരായുള്ള ആളുകളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ആവശ്യപ്പെടുന്നത്. താത്കാലിക താമസസ്ഥലങ്ങളിൽ കൂടുതൽ ആളുകൾ വസിക്കേണ്ടി വരുന്നത് ഇത്തരം കാര്യങ്ങളിൽ നമ്മുടെ ദേശീയ നയം രൂപീകരിക്കുന്നതിൽ വന്ന പരാജയമാണെന്ന് ചാരിറ്റി ക്രൈസിസ് ചീഫ് എക്സിക്യൂട്ടീവ് മാറ്റ് ഡൗണി പറഞ്ഞു. ഭവനരഹിതരായവരെ കുറിച്ച് പുറത്തുവന്ന കണക്കുകൾ ചൂണ്ടിക്കാട്ടി ലേബർ പാർട്ടി ദീർഘകാലം ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പുതിയ ഉപപ്രധാനമന്ത്രിയും ഹൗസിംഗ് സെക്രട്ടറിയുമായ ഏഞ്ചല റെയ്‌നർ ഇതിനെ ദേശീയ അഴിമതി എന്നാണ് മുദ്ര കുത്തിയത്.
Leave a Reply