ലണ്ടന്‍: ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയ ബ്രിട്ടീഷ് പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യാത്രകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നതിനാലാണ് ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചത്. ഈ വര്‍ഷം പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചവരില്‍ 20 ശതമാനത്തോളം പേര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഗ്രേറ്റ് ബ്രിട്ടനിലുമുള്ള ഐറിഷ് പൗരന്‍മാരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം അനുവദിച്ച ഐറിഷ് പാസ്‌പോര്‍ട്ടുകളില്‍ അഞ്ചിലൊന്ന് വീതം യുകെയിലുള്ളവര്‍ക്കായിരുന്നു.
ബ്രെക്‌സിറ്റിനോട് അനുബന്ധിച്ചാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് 7,79,000 പാസ്‌പോര്‍ട്ടുകള്‍ 2017ല്‍ അനുവദിച്ചിട്ടുണ്ട്. ഇത് റെക്കോര്‍ഡാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 81,752 ഐറിഷ് പൗരന്‍മാര്‍ ബര്‍ഗന്‍ഡി നിറത്തിലുള്ള ഐറിഷ് പാസ്‌പോര്‍ട്ട് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതിലുണ്ടായത്. ബ്രിട്ടനില്‍ 28 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തിലുണ്ടായത്. 81,287 പേര്‍ പാസ്‌പോര്‍ട്ടുകള്‍ക്കായി അപേക്ഷിച്ചു.
ആകെ 7,85,026 അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ നിന്ന് 7,79,184 അപേക്ഷകളില്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ചു. ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഇതെന്ന് ഐറിഷ് വിദേശകാര്യമന്ത്രി സൈമണ്‍ കോവേനി പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പിറന്നവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ടിന് അര്‍ഹതയുണ്ട്. അതുപോലെതന്നെ ഐറിഷ് മാതാപിതാക്കള്‍ക്ക് ജനിച്ച ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഐറിഷ് പൈതൃകമുള്ളവര്‍ക്കും ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം.
Leave a Reply