ന്യൂസ് ഡെസ്ക് മലയാളം യുകെ
റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഒഴിവുകളിലേയ്ക്ക് വിദേശരാജ്യങ്ങളിൽ നിന്ന് എൻഎച്ച്എസ് റിക്രൂട്ട്മെൻറ് നടത്തി. ഇന്ത്യയിൽ നിന്നും ബോട്സ്വാനിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരിൽ ഭൂരിഭാഗവും മലയാളികളാണ്.
എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ജീവനക്കാരുടെ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. റിക്രൂട്ട്മെന്റിലൂടെ എടുത്ത നേഴ്സുമാരും കൂടി ഒക്ടോബറിൽ എത്തിച്ചേർന്നതോടെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് മിഡ്‌ലാൻഡിലെ (യു എച്ച് എൻ എം ) ഒഴിവുകളുടെ എണ്ണം 400 -ൽ നിന്ന് 40 ആയി കുറയുമെന്ന് (യു എച്ച് എൻ എം ) ചീഫ് എക്സിക്യൂട്ടീവ് ട്രേസി ബുള്ളക്ക് പറഞ്ഞു. 2021 ലാണ് യു എച്ച് എൻ എം ഇന്ത്യയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെൻറ് നടത്താൻ ആരംഭിച്ചത്. മലയാളികൾ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന നേഴ്സുമാർ യുകെയിലെത്തി നേഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ ക്ലിനിക്കൽ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.
കേരളത്തിൽനിന്ന് നേരിട്ട് എൻഎച്ച്എസ് റിക്രൂട്ട് ചെയ്ത് യുകെയിലെത്തിയ നേഴ്സുമാർക്ക് എൻഎച്ച്എസ് ഹംബർ ആൻഡ് നോർത്ത് യോർക്ക് ഷെയർ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകിയ വാർത്ത കഴിഞ്ഞ ദിവസം മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ചിരുന്നു . നോർക്കയും എൻഎച്ച്എസുമായി സഹകരിച്ചാണ് ഏജൻസികളുടെ നീരാളി പിടുത്തമില്ലാതെ നേഴ്സുമാർ യുകെയിൽ എത്താൻ വഴി തെളിഞ്ഞത് . യുകെയിലുള്ള മലയാളികൾ ഭൂരിഭാഗവും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെ അവാർഡിന് അപേക്ഷ ക്ഷണിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് യുകെയിൽ എമ്പാടുമുള്ള നേഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ചത്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിൽ നിന്നുള്ള മികച്ച നേഴ്സിനുള്ള അവാർഡ് നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയ റ്റിൻസി ജോസാണ് അർഹയായത്
Leave a Reply