മാഞ്ചസ്റ്റർ : ഇന്നലെ ഉച്ചക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യേണ്ട കൊല്ലം സ്വദേശിയായ യുവതി വിമാനത്തില്‍ കയറിയില്ല. പകരം യുകെയില്‍ എത്തി ചതിക്കപ്പെടുക ആയിരുന്നു എന്ന് പരാതിപ്പെട്ട് പോലീസിനെ വിളിക്കുക ആയിരുന്നു. യുവതി ആരോപിക്കും പ്രകാരം 18 ലക്ഷം രൂപയാണ് അവര്‍ മലയാളി ഇടനിലക്കാര്‍ അടക്കമുള്ള ഏജന്റുമാര്‍ക്ക് യുകെ വിസയ്ക്കായി നല്‍കിയത്. ഇതില്‍ ക്രൂവില്‍ താമസിക്കുന്ന ഒരു ഇടനിലക്കാരന്റെ പേരാണ് യുവതി പ്രധാനമായും ആരോപണത്തില്‍ എടുത്തിടുന്നത്. എന്നാല്‍ താനല്ല, മറ്റു ചിലരാണ് പണം കൈപ്പറ്റിയതെന്നു ക്രൂവിലെ ഇടനിലക്കാരനായ മലയാളിയും പറയുന്നു.

ഏതായാലും മുടക്കിയ പണം പൂര്‍ണമായും മടക്കി കിട്ടാതെ താന്‍ യുകെയില്‍ നിന്നും വിമാനം കയറില്ല എന്ന ഉറച്ച നിലപാടിലാണ് യുവതി. വാക്കേറ്റം മുറുകിയതോടെ പോലീസ് എത്തിയപ്പോള്‍ താന്‍ യുവതിയെ സഹായിക്കാന്‍ എത്തിയ വ്യക്തിയാണ്  എന്നാണ് ഏജന്റിന്റെ ഇടനിലക്കാരന്‍ നിലപാട് എടുത്തത്. ഇതോടെ ഇയാളെ വീട്ടിലേക്ക് മടങ്ങാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു. ഇതോടെ യുവതി എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് മലയാളികളായ പൊതു പ്രവർത്തകർ യുവതിയെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.

കാര്യമായ തരത്തില്‍ ഇംഗ്ലീഷ് പോലും കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവതിയെ ഇംഗ്ലണ്ടില്‍ എത്തിച്ചത് മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് എന്ന് വ്യക്തമാക്കി എയര്‍പോര്‍ട്ടില്‍ നിന്നും യുവതി സഹായം തേടി യുകെയില്‍ പലരെയും ബന്ധപ്പെട്ടതോടെ ഹോം ഓഫിസിലും പരാതി എത്തിക്കഴിഞ്ഞു. യുകെയില്‍ റിക്രൂട്ടിങ് മാഫിയയുടെ ചതിയില്‍ എത്തിയ നൂറുകണക്കിന് മലയാളികള്‍ ഉയര്‍ത്തുന്ന പരാതികള്‍ പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് എയര്‍പോര്‍ട്ട് സംഭവം തെളിയിക്കുന്നത്.

ഇതേത്തുടര്‍ന്നു മാഞ്ചസ്റ്ററിലെ മലയാളി സംഘടന പ്രവര്‍ത്തകര്‍, സമീക്ഷ യുകെ എന്നിവരൊക്കെ സഹായ വാഗ്ദാനവുമായി രംഗത്ത് എത്തി. തുടർന്ന്  യുവതിയെ യുകെയില്‍ എത്തിക്കാന്‍ കൂട്ട് നിന്ന ഏജന്റിനും ഇടനിലക്കാര്‍ക്കും യുവതി ഏതാനും ദിവസം ഷാഡോ ഷിഫ്റ്റ് ചെയ്ത ഇപ്സ്വിച്ചിലെ കെയര്‍ ഹോമിനും എതിരെ പരാതി പ്രവാഹം ഉണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ ഇപ്സ്വിച്ചിലെ കെയര്‍ ഹോമിലേക്ക് നീതി തേടി അനേകം ഫോണ്‍ കോളുകളാണ് എത്തിയത്. ഈ സന്ദേശങ്ങള്‍ക്ക് കൃത്യമായ വിവരം നല്‍കാന്‍ കഴിയാതെ പോയതോടെ കെയര്‍ ഹോമിന് എതിരെ സി ക്യൂ സിയിലേക്കും പരാതി എത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടിലേക്ക് തിരികെ പോവുകയാണെങ്കിൽ  യുവതിക്ക് പണം നല്‍കാം എന്ന വാഗ്ദാനം നല്‍കിയ ഇടനിലക്കാരന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥ ചര്‍ച്ചക്ക് ശേഷമാണു യുവതി എയര്‍പോര്‍ട്ടില്‍ എത്തിയത്. മണിക്കൂറുകള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളില്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള പൊതു പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. യുവതിയെ യുകെയില്‍ എത്തിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ക്രൂവിലെ ഇടനിലക്കാരന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോഴും നാടകീയമായി അയാളുടെ ഭാര്യ കയ്യില്‍ കിട്ടിയ സ്വര്‍ണവുമായാണ് യുവതിയെ സമീപിച്ചത്. എന്നാല്‍ എനിക്ക് നിങ്ങളുടെ സ്വര്‍ണമൊന്നും ആവശ്യമില്ല എന്നാണ് യുവതി നിലപാട് എടുത്തത്. ഇതോടെ എങ്ങനെയും യുവതിയുടെ പണം അക്കൗണ്ടില്‍ എത്തിക്കാം എന്ന വാഗ്ദാനമാണ് ഇടനിലക്കാരന്‍ നല്‍കിയത്.

ഇയാള്‍ വാങ്ങാത്ത പണത്തിനു ഇയാള്‍ എന്തിനു ഉത്തരവാദി ആകണം എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തല്‍ക്കാലം ഇടനിലക്കാരന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഇപ്പോള്‍ അയാള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇയാള്‍ പറഞ്ഞത് പ്രകാരം പണം അക്കൗണ്ടില്‍ എത്താതായതോടെയാണ് വിമാന യാത്ര പോലും ഉപേക്ഷിച്ച്  യുവതി ഉറച്ച നിലപാട് എടുത്തതും.

എങ്ങനെയും പണം മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കണമെന്നു ഇന്നലെ ഒട്ടറെ യുകെ മലയാളികള്‍ ഇടനിലക്കാരനോട് വ്യക്തിപരമായി ആവശ്യപ്പെട്ടതോടെ ഇയാള്‍ കനത്ത സമ്മര്‍ദ്ദത്തിലാണ്. ഇന്ന് പത്തു ലക്ഷം രൂപ എങ്ങനെയും യുവതിക്ക് കൈമാറും എന്ന നിലപാടിലേക്കാണ് ഇയാള്‍ വൈകുന്നേരത്തോടെ എത്തിയിരിക്കുന്നത്. എന്നാല്‍ പണം കയ്യില്‍ എത്താതെ ഒരാള്‍ നല്‍കുന്ന വാക്കും വിശ്വസിക്കാന്‍ താന്‍ തയ്യാറല്ല എന്ന ഉറച്ച നിലപാടിലേക്ക് നീങ്ങുകയാണ് യുവതിയും.