ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സിന്റെ ചരിത്രപരമായ ബഡ്ജറ്റ് പ്രഖ്യാപനം ഇന്നുണ്ടാകും. 14 വർഷത്തിനിടെ ആദ്യമായാണ് ഒരു ലേബർ ചാൻസലർ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ബഡ്ജറ്റ് പ്രഖ്യാപനത്തിന് മുൻപ് തന്നെ ചാൻസലർ നൽകിയിട്ടുണ്ട്. എന്നാൽ വേതന വർദ്ധനവിനോടൊപ്പം തന്നെ, നികുതി വർദ്ധനവും ഉണ്ടാകുമെന്നാണ് നിലവിലെ സൂചനകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. രാജ്യത്ത് സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും, എല്ലാവർക്കും സമ്പത്തും അവസരവും വാഗ്ദാനം ചെയ്യുന്നതുമാണ് തന്റെ ബഡ്ജറ്റെന്ന് റീവ്സ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അടുത്തവർഷം ഏപ്രിൽ മാസം മുതൽ 21 വയസ്സിന് മുകളിലുള്ളവർക്ക് മിനിമം വേതനം മണിക്കൂറിന് 12.21 പൗണ്ടായി ഉയരുമെന്ന് ബുധനാഴ്ചത്തെ ബജറ്റിന് മുന്നോടിയായി ചാൻസലർ സ്ഥിരീകരിച്ചു. തൊഴിലാളികൾക്ക് യഥാർത്ഥ ജീവിത വേതനം എന്ന ലേബറിൻ്റെ വാഗ്ദാനങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ശമ്പള വർദ്ധനവ് എന്ന് റേച്ചൽ റീവ്സ് പറഞ്ഞു. എന്നാൽ പൊതു ധനകാര്യത്തിലെ വിടവ് നികത്തുന്നത് ഉദ്ദേശിച്ചുള്ള നികുതി വർദ്ധനയിൽ നിന്ന് തൊഴിലാളികളെ ഒഴിവാക്കാനാകുമെന്നും ചാൻസലർ പറഞ്ഞു. മുന്നോട്ടു കുതിക്കുന്ന സാമ്പത്തിക വളർച്ചയുടെ മുന്നോടിയാണ് ഈ ബഡ്ജറ്റെന്നും ചാൻസലർ ഉറപ്പ് നൽകി.
ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവ് പ്രഖ്യാപനം ഈ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. കൺസർവേറ്റീവ് സർക്കാർ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത നികത്തുന്നതിന് ഇത്തരത്തിലുള്ള നികുതി വർദ്ധനവ് അത്യന്താപേക്ഷിതമാണ്. എൻ എച്ച് എസിനെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിന് ആവശ്യമായ പ്രഖ്യാപനകളും ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരത്തിലിരിക്കുന്ന ലേബർ സർക്കാരിന് ഈ ബഡ്ജറ്റ് നിർണായകമാണ്.
Leave a Reply