ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിൽ അഞ്ചു വർഷം കഴിയുന്ന കുടിയേറ്റക്കാർക്ക് സ്ഥിരതാമസാനുമതി നൽകുന്ന നിലവിലെ സംവിധാനം റദ്ദാക്കുമെന്ന് റീഫോം യുകെ പ്രഖ്യാപിച്ചു. പാർട്ടി നേതാവ് നൈജൽ ഫാരജ് അവതരിപ്പിച്ച പദ്ധതിയനുസരിച്ച് കുടിയേറ്റക്കാർ ഓരോ അഞ്ച് വർഷത്തിലൊരിക്കൽ കർശനമായ മാനദണ്ഡങ്ങളോടു കൂടിയ വിസ പുതുക്കലിന് അപേക്ഷിക്കേണ്ടി വരും. പുതിയ സംവിധാനത്തിൽ ഉയർന്ന ശമ്പള മാനദണ്ഡം, മെച്ചപ്പെട്ട ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവ നിർബന്ധമായിരിക്കും.
പാർട്ടി പറയുന്നത് പ്രകാരം, ബ്രിട്ടീഷ് പൗരന്മാരല്ലാത്തവർക്ക് ക്ഷേമ പദ്ധതികൾ (വെൽഫെയർ) ലഭിക്കരുതെന്നും ഇതിലൂടെ £234 ബില്യൺ വരെ രാജ്യത്തിന് ലാഭമുണ്ടാകുമെന്നുംആണ് അദ്ദേഹം അവകാശപ്പെട്ടത് . എന്നാൽ ചാൻസലർ റേച്ചൽ റീവ്സ് ഈ കണക്കുകൾ “യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തത്” എന്നാണ് പ്രതികരിച്ചത്. നിലവിലെ സർക്കാർ തന്നെ കുടിയേറ്റക്കാരുടെ ക്ഷേമാവകാശങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് നീങ്ങുകയാണെന്നും അവർ പറഞ്ഞു.
നിലവിൽ കുടിയേറ്റക്കാർക്ക് അഞ്ച് വർഷം ജോലി ചെയ്താൽ സ്ഥിര താമസാനുമതിക്ക് അപേക്ഷിക്കാം. ഇതിലൂടെ അവർക്ക് ബ്രിട്ടീഷ് പൗരത്വത്തിനുള്ള വഴി തുറക്കപ്പെടുകയും ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള നിരവധി അവകാശങ്ങൾ ലഭിക്കുകയും ചെയ്യുന്നു. റീഫോം പദ്ധതിയിലൂടെ ILR ഒഴിവാക്കും. ഇതിന് പകരം അക്യൂട്ട് സ്കിൽസ് ഷോർട്ടേജ് വിസ പോലുള്ള പുതിയ പദ്ധതി കൊണ്ടു വരുമെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . കുടിയേറ്റക്കാരുടെ ആശ്രിതരായ പലരും ക്ഷേമാവകാശം നിർത്തലാക്കിയാൽ രാജ്യം വിടേണ്ടി വരുമെന്നും പാർട്ടി പോളിസി ചീഫ് സിയ യൂസഫ് വ്യക്തമാക്കി.
പദ്ധതി നടപ്പാക്കിയാൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. ആരോഗ്യരംഗം, വിദ്യാഭ്യാസം, ഐ.ടി. മേഖല തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ILR നഷ്ടപ്പെട്ടാൽ സ്ഥിരതാമസാവകാശവും ക്ഷേമ പദ്ധതികളിലേയ്ക്കുള്ള പ്രവേശനവും നഷ്ടമാകും. കുടുംബങ്ങളെ ഇവിടെ സ്ഥിരമായി സ്ഥാപിക്കാൻ ശ്രമിക്കുന്ന നിരവധി മലയാളി കുടുംബങ്ങൾക്ക് ഭാവിയിൽ ഇത് കടുത്ത അനിശ്ചിതത്വത്തിന് കാരണമാകും. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭവന പദ്ധതികളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
Leave a Reply