ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമൂഹമാധ്യമങ്ങളിൽ ജനാധിപത്യവിരുദ്ധ ആശയങ്ങൾ പങ്കിട്ടതിന്റെ പേരിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റീഫോം യുകെയുടെ കൗൺസിലർമാർ കടുത്ത ആരോപണങ്ങൾ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 12 കൗൺസിലർമാരാണ് തീവ്ര വലതുപക്ഷ, ഇസ്ലാമോഫോബിക് ആശയങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആരോപണങ്ങൾ നേരിടുന്നത്. നേരത്തെ സമാനമായ ആരോപണങ്ങൾ നേരിട്ട മൂന്ന് കൗൺസിലർമാരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞ തദേശീയ തിരഞ്ഞെടുപ്പിൽ മത്സരിച്ച 1600 ലധികം സീറ്റുകളിൽ 677എണ്ണം നേടി റീഫോം യുകെ മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിരുന്നു. റീഫോം യുകെയുടെ ബാനറിൽ വിജയിച്ച മിക്ക കൗൺസിലർമാരുടെയും പൂർവ്വകാല ചെയ്തികളെ കുറിച്ചും പശ്ചാത്തലങ്ങളെ കുറിച്ചും സൂക്ഷ്മ പരിശോധനകൾ നടക്കുകയാണ്. കടുത്ത വലതുപക്ഷ ആശയങ്ങളുടെ പ്രചാരകരായാണ് റീഫോം യുകെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കളം പിടിച്ചത്.
റീഫോം യുകെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ലേബർ പാർട്ടി സർക്കാർ തുനിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ റീഫോം യുകെയുടെ വിജയം ഭരണപക്ഷത്തെയും അതുപോലെതന്നെ മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഇളകി ഒലിക്കുന്നതിന്റെ അങ്കലാപ്പിലാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ. റീഫോം യുകെ നേടുന്ന ജനസമ്മതി യുകെയിലേയ്ക്ക് കുടിയേറിയവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ എത്തിയ മലയാളികളും കടുത്ത ആശങ്കയിലാണ്. റീഫോം യുകെയുടെ മുന്നേറ്റത്തെ തടയിടാൻ കുടിയേറ്റ നയം രൂപീകരിക്കുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ അഭിമുഖീകരിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി വിസയിൽ എത്തിയവരാണെന്ന വാർത്ത മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply