ന്യൂസ് ഡെസ്ക്, മലയാളം യുകെ
പൊതു തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടി അവരുടെ എക്കാലത്തെയും ഏറ്റവും താഴ്ന്ന ജനപിന്തുണയിൽ എത്തിയതായുള്ള അഭിപ്രായ സർവേകൾ പുറത്തുവന്നു. ഏറ്റവും പുതിയ റെഡ്ഫീൽഡ് & വിൽട്ടൺ സ്ട്രാറ്റജീസ് സർവേയിൽ കൺസർവേറ്റീവുകൾക്ക് വെറും 18 ശതമാനം പിന്തുണ മാത്രമെ ലഭിച്ചിട്ടുള്ളൂ. യുകെയിൽ അടുത്തയിടെ നടന്ന അഭിപ്രായ സർവേകളിൽ ടോറികൾക്ക് ഇത്ര താഴ്ന്ന പിന്തുണ കിട്ടുന്നത് ആദ്യമായാണ്.

രണ്ടുദിവസമായി നടത്തിയ സർവേയിൽ ലേബർ പാർട്ടി കൺസർവേറ്റീവുകളെക്കാൾ 24 പോയിന്റ് ആണ് ലീഡ് ചെയ്യുന്നത്. സർ കെയർ സ്റ്റാർമറിൻ്റെ പാർട്ടിക്ക് 42 ശതമാനം പിന്തുണയാണ് അഭിപ്രായ സർവേകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് റീഫോം യുകെയുടെ മുന്നേറ്റമാണ്. നൈജൽ ഫാരേജിൻ്റെ റിഫോം യുകെ 17 ശതമാനം പിന്തുണയാണ് നേടിയിരിക്കുന്നത്. ഇത് ടോറികളേക്കാൾ ഒരു ശതമാനം മാത്രം കുറവാണ്. അതേസമയം ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 ശതമാനം വോട്ട് ഷെയർ ലഭിച്ചു.

ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.











Leave a Reply