ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമീപ ഭാവിയിൽ ബ്രിട്ടനിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നു. കഴിഞ്ഞവർഷം ജൂലൈ 4 – ലെ പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ ജനപ്രീതിയിൽ കടുത്ത ഇടിവുണ്ടായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്കൈ ന്യൂസിനു വേണ്ടി നടത്തിയ പോളിലാണ് ഭാവിയിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേയ്ക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കെമി ബാഡെനോക്ക് നേതാവായി തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷം ടോറികൾ ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി സർവേ കാണിക്കുന്നു. പുറത്തു വരുന്ന പോൾ റിപ്പോർട്ട് പ്രകാരം ലേബറിന് 26%, റിഫോം യുകെ 25%, കൺസർവേറ്റീവുകൾക്ക് 22%, ലിബറൽ ഡെമോക്രാറ്റുകൾ 14%, ഗ്രീൻസിന് 8% എന്നിങ്ങനെയാണ് ജന പിന്തുണ കണക്കാക്കിയിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ലേബർ 35%, കൺസർവേറ്റീവുകൾ 24%, റിഫോം യുകെ 15%, ലിബ് ഡെം 13%, ഗ്രീൻസ് 7% എന്ന രീതിയിലായിരുന്നു ജനപിന്തുണ. സർക്കാരിൻറെ ജനപ്രീതിയിൽ വൻകുറവ് ഉണ്ടായതായാണ് പുതിയ സർവ്വേ കാണിക്കുന്നത്. എന്നാൽ അതിലും കൂടുതലായി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുന്നത് റീഫോം യുകെയുടെ മുന്നേറ്റമാണ്.
പൊതുതെരഞ്ഞെടുപ്പിനുശേഷം, മറ്റ് എല്ലാ പാർട്ടികളെയും പിന്നിലാക്കി റിഫോം യുകെയുടെ വോട്ടുകൾ വർദ്ധിച്ചു, കഴിഞ്ഞ വർഷം ബാലറ്റിൽ ടോറികളെ പിന്തുണച്ച 16% വോട്ടർമാർ ഇപ്പോൾ റിഫോമിനെ പിന്തുണയ്ക്കുമെന്ന് പറയുന്നു. പ്രായമായ വോട്ടർമാർ ലേബറിൽ നിന്ന് പിന്മാറി. 65 വയസ്സിനു മുകളിലുള്ളവരിൽ 14% പേർ മാത്രമേ ഇപ്പോൾ ലേബറിനെ പിന്തുണയ്ക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് സമയത്ത് ഇത് 22% ആയിരുന്നു. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് ആണ് റീഫോം യുകെ സ്ഥാപിച്ചത്. 2029 – ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റീഫോം യുകെ ഒരു നിർണ്ണായക ശക്തിയായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പിൽ അവർ തങ്ങളുടെ വരവ് അറിയിച്ചിരുന്നു. കുടിയേറ്റത്തെ ശക്തിയായി എതിർക്കുന്ന റീഫോം യുകെയുടെ നിലപാടുകൾ പലതും യുകെയിൽ താമസിക്കുന്ന അന്യ നാട്ടുകാർക്ക് പ്രതികൂലമായി വരുമെന്ന ആശങ്ക മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ ശക്തമാണ്.
Leave a Reply