ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമൂഹ മാധ്യമങ്ങളിൽ മോശം കമെന്റുകൾ പ്രചരിക്കുന്നതിന് പിന്നാലെ റീഫോം യുകെയുടെ സ്ഥാനാർത്ഥിയായ സാഫ്രോൺ വാൾഡലിൽ മത്സരിക്കുന്ന ഗ്രാൻ്റ് സ്‌റ്റ്‌ക്ലെയർ-ആംസ്ട്രോങ് ഇലക്ഷനിൽ നിന്ന് പിൻവാങ്ങി. മുൻപ് ബ്രിട്ടീഷ് നാഷണൽ പാർട്ടിക്ക് (ബിഎൻപി) വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് സ്‌റ്റ്‌ക്ലെയർ-ആംസ്ട്രോങ് പിൻവാങ്ങിയത്. ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കാണ് നിലവിൽ സാഫ്രോൺ വാൾഡലിലെ എംപി.
2010-ൽ ഗ്രാൻ്റ് സ്‌റ്റ്‌ക്ലെയർ-ആംസ്‌ട്രോങ് യുകെയുടെ അവസ്ഥയെക്കുറിച്ച് നിരാശ പ്രകടിപ്പിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യുകയും ഇനോക്ക് പവലിനെ പരാമർശിച്ച് ബിഎൻപിക്ക് വോട്ടുചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നുമാണ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെ വിശദീകരണത്തിനായി ടൈംസ് ബന്ധപ്പെട്ടപ്പോൾ മുൻകാല അഭിപ്രായങ്ങൾ ന്യായികരിക്കുന്നില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
ടൈംസ് പത്രത്തിൻെറ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ഇന്ന് സൗത്ത് വെയിൽസിൽ റീഫോം യുകെയുടെ നേതാവ് നൈജൽ ഫാരേജ് പാർട്ടിയുടെ നയങ്ങൾ അവതരിപ്പിക്കാനിരിക്കേയാണ് സാഫ്രോൺ വാൾഡലിലെ പാർട്ടിയുടെ സ്ഥാനാർഥിയുടെ ഈ തീരുമാനം. നേരത്തെ നാസികൾക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തിൽ യുകെ യുദ്ധം ചെയ്‌തതിനെതിരായി പോസ്റ്റ് ഇട്ട റീഫോം യുകെയുടെ മറ്റൊരു സ്‌ഥാനാർത്ഥി അടുത്തിടെ ക്ഷമാപണം നടത്തിയിരുന്നു.
Leave a Reply