ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ രജിസ്റ്റർ ചെയ്‌ത നേഴ്‌സുമാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതായി നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. വർദ്ധനവ് ഉണ്ടായിട്ടും നേഴ്‌സുമാരുടെ എണ്ണം ആവശ്യമുള്ളതിനേക്കാൾ വളരെ കുറവാണെന്ന് മുതിർന്ന നേഴ്‌സുമാർ പറയുന്നു. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൻെറ റിപ്പോർട്ട് അനുസരിച്ച് യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും എണ്ണത്തിൽ 2017 ലേക്കാൾ 22 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറയുന്നു. ഈ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്‌ത നേഴ്‌സുമാരുടെ എണ്ണം 841,367 ആണ്. നേഴ്‌സുമാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും തൊഴിലാളികളുടെ കുറവ്, വർദ്ധിച്ചു വരുന്ന പരിചയ കുറവ്, അന്താരാഷ്ട്ര റിക്രൂട്ട്‌മെൻ്റിനെ അമിതമായി ആശ്രയിക്കൽ തുടങ്ങിയ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് വന്ന നേഴ്‌സുമാർ, ജീവനക്കാരുടെ സംഖ്യ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഡാറ്റയിൽ വിദേശ റിക്രൂട്ട്‌മെൻ്റിലെ മാന്ദ്യം കാണാം. ഇത് ഭാവിയെ കുറിച്ച് അധികൃതരിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. യുകെയിൽ നിന്നുള്ള നേഴ്‌സുമാരുടെ എണ്ണം കുറഞ്ഞ് വരുന്നതും അധികൃതർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വർഷകാലത്തിൽ യുകെയിൽ നിന്നുള്ള വളരെ കുറച്ച് പേർ മാത്രമാണ് നേഴ്‌സിംഗ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുറഞ്ഞ വേതനം, ജീവനക്കാരുടെ കുറവ് തുടങ്ങിയവയാണ് ഇതിന് കാരണമായി റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് (ആർസിഎൻ) ഉൾപ്പെടെയുള്ള വിദഗ്ധർ എടുത്ത് പറയുന്നത്.
യുകെയിലെ നേഴ്‌സിംഗ് വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള കുറവും ആശങ്ക ഉണ്ടാക്കുന്നു. വരും വർഷങ്ങളിൽ ഇത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കൂടുതൽ വിദ്യാർഥികളെ നേഴ്സിംഗിലേയ്ക്ക് ആകർഷിക്കുന്നതിനായി വിദ്യാർത്ഥി വായ്പകൾ കുറയ്ക്കാനുള്ള നയങ്ങൾ സർക്കാർ സ്വീകരിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളെ സർക്കാർ ഉടൻ അഭിസംബോധന ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു. വേതനം മെച്ചപ്പെടുത്തുന്നതിനും എൻ എച്ച് എസ് പുനർനിർമ്മിക്കുന്നതിനുമുള്ള ശ്രമങ്ങൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും നേഴ്സുമാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കണമെങ്കിൽ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് അധികൃതർ പറയുന്നു.
Leave a Reply