ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ ഭവനരഹിതരായതോ ഭവനരഹിതാവാനുള്ള ഭീഷണി നേരിടുന്നതോ ആയ അഭയാർഥി കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ചിരട്ടിയായി ഉയർന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. സർക്കാർ കണക്കുകൾ പ്രകാരം 2021–22ൽ 3,560 ആയിരുന്ന ഈ വിഭാഗത്തിൽ പെട്ടവരുടെ എണ്ണം 2024–25ൽ 19,310 ആയി. അഭയാർഥികൾക്ക് അംഗീകാരം ലഭിച്ച ശേഷം സർക്കാർ ഒരുക്കുന്ന താമസസ്ഥലങ്ങൾ 28 ദിവസത്തിനകം ഒഴിയണമെന്ന് നിർദേശിക്കുന്ന നയം, കൂടാതെ അഭയാർഥി അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിലൂടെ ഒരേസമയം കൂടുതൽ പേർ വീടുകൾ തേടേണ്ടിവരുന്നതുമായ സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് സന്നദ്ധസംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഡാനിലെ യുദ്ധത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട 26 കാരിയായ യൂസ്രയുടെ അനുഭവം പ്രശ്നത്തിന്റെ ഗൗരവം തുറന്നുകാട്ടുന്നതാണ് . അഭയാർഥി പദവി ലഭിച്ചതിന് ശേഷം സർക്കാർ ഹോട്ടലിൽ താമസം അവസാനിച്ചതോടെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ തെരുവിൽ ടെന്റിൽ കഴിയേണ്ടിവന്നതായി അവർ ബിബിസിയോട് പറഞ്ഞു. കുട്ടികളില്ലാത്ത ആളായതുകൊണ്ട് താമസം കിട്ടാനുള്ളവരുടെ പട്ടികയിൽ താഴ്ന്ന മുൻഗണന മാത്രമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. 28 ദിവസത്തിനകം ജോലി കണ്ടെത്തുകയോ യൂണിവേഴ്സൽ ക്രെഡിറ്റിന് അപേക്ഷിക്കുകയോ വേണമെങ്കിലും ആദ്യ സഹായധനം ലഭിക്കാൻ ശരാശരി 35 ദിവസം എടുക്കുന്നതുകൊണ്ട് പലർക്കും താമസവും വരുമാനവും ഒരേസമയം നഷ്ടമാകുന്ന സാഹചര്യമാണെന്ന് ‘ക്രൈസിസ്’ പോലുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ലണ്ടനും നോർത്ത് വെസ്റ്റും മാത്രമല്ല മാഞ്ചസ്റ്റർ, ലിവർപൂൾ ഉൾപ്പെടെയുള്ള നഗരങ്ങൾ ഭവനരഹിത അഭയാർഥികളുടെ ഉയർന്ന അനുപാതമുള്ള പ്രദേശങ്ങളാണ്. ഹീത്രോ വിമാനത്താവളത്തിനടുത്തുള്ള ഹില്ലിങ്ടണിൽ മാത്രം 2024–25ൽ 2,098 അഭയാർഥി കുടുംബങ്ങൾ ഭവനരഹിതരായിട്ടുള്ളവരായിട്ടുണ്ട് . 2021–22-ൽ ഇത് 71മാത്രമായിരുന്നു . അഭയാർഥി അപേക്ഷകളുടെ ബാക്ക്‌ലോഗ് നീക്കാനും ഹോട്ടൽ താമസങ്ങൾ അവസാനിപ്പിക്കാനുമുള്ള സർക്കാർ നീക്കങ്ങൾ വീടുകളുടെ ക്ഷാമമുള്ള സാഹചര്യത്തിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുകയാണെന്ന് ഓക്സ്ഫഡ് സർവകലാശാല വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദീർഘകാല പരിഹാരമായി താൽക്കാലിക വാസസ്ഥലങ്ങൾക്കായുള്ള നിക്ഷേപവും കേന്ദ്ര–പ്രാദേശിക ഏകോപനവും ശക്തമാക്കണമെന്ന് അവർ നിർദേശിച്ചു.