ന്യൂസ് ഡെസ്ക് മലയാളം യുകെ

അഭയാർത്ഥി പ്രശ്നത്തിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് ഋഷി സുനക് സർക്കാർ . 17000 – ത്തിലധികം അഭയാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് ഹോം ഓഫീസ് ഉദ്യോഗസ്ഥർ സമ്മതിച്ചതായുള്ള വാർത്തകൾ രാജ്യത്തെ എല്ലാ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023 നവംബർ 13 വരെ 27284 പേരാണ് ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്ത് എത്തിച്ചേർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷാവസാനത്തോടെ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം കുറയുമെന്ന ഋഷി സുനക് സർക്കാരിൻറെ നയത്തെക്കുറിച്ച് എംപിമാർ ചർച്ച ചെയ്യുന്നതിനിടെയാണ് ഹോം ഓഫീസിന് ആകപ്പാടെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങൾ പുറത്തേക്ക് വന്നത്. ചിലരൊക്കെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി പോയിട്ടുണ്ടോ എന്ന സെലക്ട് കമ്മിറ്റിയുടെ ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് ഹോം ഓഫീസിലെ മുതിർന്ന സിവിൽ ഉദ്യോഗസ്ഥനായ സൈമൺ റിഡ്‌ലി നൽകിയത് . തുടർച്ചയായ രണ്ട് അഭിമുഖങ്ങളോടും ചോദ്യാവലികളോടും അഭയാർത്ഥികളായി എത്തുന്നവർ പ്രതികരിക്കാതെ വരുന്നതോടെയാണ് അവരെ കാണാതായതായി കണക്കാക്കുന്നത് എന്നാണ് ഹോം ഓഫീസ് കമ്മിറ്റിയെ അറിയിച്ചത്. കഴിഞ്ഞവർഷം ഡിസംബർ മുതൽ 17316 തവണയാണ് അഭയാർത്ഥികളായി എത്തിയവർ ഈ രീതിയിൽ തുടർച്ചയായി പ്രതികരിക്കാതെ വന്നത്.

രാജ്യത്തിൻറെ അതിർത്തികളുടെ നിയന്ത്രണം ഋഷി സുനക് സർക്കാരിന് നഷ്ടപ്പെട്ടതായാണ് സംഭവത്തെക്കുറിച്ച് പ്രതിപക്ഷവും സർക്കാരിൻറെ വിമർശകരും ആരോപിച്ചത്. ഇതോടൊപ്പം കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ സർക്കാർ ആലോചിക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആരോഗ്യ, സാമൂഹിക പരിപാലന പ്രവർത്തകർക്ക് അവരോടൊപ്പം ആശ്രിത വിസയിൽ കൊണ്ടുവരാവുന്നവരുടെ എണ്ണം ഒന്നായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചനയിലാണ്. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ ജോലിക്കായും പഠനത്തിനായും യുകെയിലെത്തുന്ന മലയാളികളെ വളരെ പ്രതികൂലമായി ബാധിക്കും.