ലണ്ടന്‍: യുകെയില്‍ അഭയത്തിന് അപേക്ഷിക്കുന്ന അഭയാര്‍ത്ഥികളെ 5 വര്‍ഷത്തിനു ശേഷം തിരിച്ചയച്ചേക്കും. ചൊവ്വാഴ്ച നിലവില്‍ വരുന്ന ഹോം ഓഫീസിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇത്. അഭയാര്‍ത്ഥികളായി അംഗീകരിക്കപ്പെട്ടവര്‍ അഞ്ചു വര്‍ഷത്തിനു ശേഷം അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ സുരക്ഷിതരാണോ ന്ന കാര്യത്തില്‍ വിലയിരുത്തലിന് വിധേയരാകണം. സ്വന്തം രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടില്ല എന്ന് ഉറപ്പായാല്‍ അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും പിന്നീട് സ്വന്തം രാജ്യങ്ങളിലേത്ത് തിരികെ അയക്കുകയും ചെയ്യും.
ഹോം സെക്രട്ടറിയായിരുന്ന കാലത്ത് തെരേസ മേയ് അവതരിപ്പിച്ച നിര്‍ദേശങ്ങളാണ് ഇവ. ഇപ്പോളാണ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2015ലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് ഈ പദ്ധതിയേക്കുറിച്ച് മേയ് പ്രഖ്യാപനം നടത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് രാജ്യം സംരക്ഷണം നല്‍കുമെന്നും അഞ്ചു വര്‍ഷത്തിനു ശേഷം നടത്തുന്ന വിലയിരുത്തലില്‍ മാതൃരാജ്യങ്ങളിലെ സാഹചര്യങ്ങള്‍ക്ക് പ്രശ്നമില്ലെങ്കില്‍ നാം നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
അഭയം നല്‍കാനുണ്ടായ സാഹചര്യം അവരുടെ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി തിരികെ പോകവുന്നതാണ്. ഇവിടെ താമസസൗകര്യം ഒരുക്കുന്നതിനേക്കാള്‍ അവരെ തിരികെ അയക്കുന്നതിനായിരിക്കും രാജ്യം തയ്യാറാവുകയെന്നാണ് മേയ് വ്യക്തമാക്കിയത്. ബ്രിട്ടനില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആജീവനാന്തം ഇവിടെത്തന്നെ തുടരാവുന്ന വ്യവസ്ഥയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്.