പ്രസവിച്ചയുടന്‍ മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധ്യാനം അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മിഡ്‌വൈഫുകള്‍ ശ്രമിച്ചില്ല. ശീലങ്കന്‍ കുടിയേറ്റ കുടുംബത്തിന് എന്‍എച്ച്എസ് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരും. 2009 ജൂണില്‍ ഗുഡ്‌മെയിസിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലാണ് നിലുജാന്‍ രജതീപന്‍ ജനിക്കുന്നത്. നിലുജാന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴ് കുടിയേറ്റക്കാരായി യുകെയില്‍ എത്തിയവരാണ്. ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറഞ്ഞ ഇവരെ മുലപ്പാല്‍ നല്‍കുന്നതിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കുന്നതില്‍ എന്‍എച്ച്എസ് മിഡ്‌വൈഫുകള്‍ പരാജയപ്പെടുകയായിരുന്നു. നിര്‍ദേശങ്ങളൊന്നും ലഭിക്കാതിരുന്നതോടെ കുട്ടിക്ക് 15 മണിക്കൂറിന് ശേഷവും മുലപ്പാല്‍ നല്‍കാന്‍ കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞില്ല. മുലപ്പാല്‍ നല്‍കാഞ്ഞത് കുട്ടിയുടെ തലച്ചോറിന് കാര്യമായ ക്ഷതമേല്‍പ്പിച്ചു.

എന്‍എച്ച്എസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണ് കുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു. ഭാഷാപരമായ പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയാതിരുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്‍എച്ച്എസിന് ഉത്തരവാദിത്വമുണ്ട്. മിസിസ് രജതീപന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. മുലപ്പാല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചോ നല്‍കിയില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷത്തുകളേക്കുറിച്ചോ നിലുജാന്റെ അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കടമ മിഡ്‌വൈഫുകള്‍ക്ക് ഉണ്ടായിരുന്നു. കൃത്യതയോടെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ആരും ശ്രമം നടത്തിയിട്ടില്ലെന്നത് വ്യക്തമായെന്നും ജഡ്ജ് മാര്‍ട്ടിന്‍ മക്‌കെന്ന പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഭാഷ പ്രധാന ഘടകമായെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. മുലയൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ തലച്ചോറിന് ക്ഷതമുണ്ടാകുമായിരുന്നില്ലെന്ന് കോടതി പറയുന്നു. നിലുജാനോടും കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്നതായി എന്‍എച്ച്എസ് പ്രതിനിധി വെന്‍ഡി മാത്യൂസ് പറഞ്ഞു. ഇപ്പോള്‍ 8 വയസ് പ്രായമായിരിക്കുന്ന നിലുജാന്റെ തലച്ചോറിനും അംഗചലനങ്ങള്‍ക്കും കാര്യമായ പ്രശ്‌നങ്ങളുണ്ട്. കേസില്‍ എന്‍എച്ച്എസ് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.