ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. ഓരോ ദിവസവും ജനപിന്തുണ ഉറപ്പിക്കാനായുള്ള വാഗ്ദാനങ്ങളും പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞ് കളിക്കുകയാണ്. 18 വയസ്സ് പൂർത്തിയായവർക്ക് നിർബന്ധിത ദേശീയ സേവനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ജൂലൈയിൽ തൻ്റെ പാർട്ടി വിജയിച്ചാൽ 18 വയസ്സുള്ളവർക്കായി നിർബന്ധിത ദേശീയ സേവനത്തിൻ്റെ ഒരു പുതിയ രൂപം അവതരിപ്പിക്കുമെന്ന് ഋഷി സുനക് പറഞ്ഞത് . 12 മാസത്തേക്ക് മുഴുവൻ സമയ സൈനിക സേവനമോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് മാസത്തിൽ ഒരു വാരാന്ത്യത്തിൽ സന്നദ്ധസേവനം നടത്താനുള്ള ഒരു സ്കീമോ തിരഞ്ഞെടുക്കാൻ പറ്റുന്ന പദ്ധതിയാണ് നടപ്പിലാക്കുക . എന്നാൽ ഏതെങ്കിലും കൗമാരപ്രായത്തിലുള്ളവർ ദേശീയ സേവനം ചെയ്യാൻ വിമുഖത കാണിച്ചാൽ എന്ത് നടപടിയെടുക്കും എന്നതിനെ കുറിച്ച് വൻ ചർച്ചകളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.


പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന് വന്ന ചർച്ചകൾക്ക് മറുപടിയുമായി ഹോം സെക്രട്ടറി ജെയിംസ് ക്ലവർലി മുന്നോട്ടു വന്നു. സൈനിക സേവനത്തിന് ആരെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ സേവനം ചെയ്യാത്തതിന്റെ പേരിൽ ആരും ജയിലിൽ പോകേണ്ടതായി വരില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ദേശീയ സേവനത്തിന്റെ ഭാഗമായി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്ക് ശമ്പളം ഉണ്ടാകും. എന്നാൽ സന്നദ്ധ സേവനം തിരഞ്ഞെടുക്കുന്നവർക്ക് പണം നൽകില്ല . സൈനിക സേവനത്തിന്റെ ഭാഗമായി ഒരു വർഷം പ്രവർത്തിക്കുന്നവർക്ക് പിന്നീട് സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരം ഉണ്ടാകും. നാഷണൽ സർവീസ് പ്രോഗ്രാമിന് പ്രതിവർഷം 2.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കുന്നത്.