ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: യു.കെ.യിലുള്ള പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നേതൃത്വം നല്‍കുന്ന ഒക്ടോബറിലെ ‘അഭിഷേകാഗ്‌നി’ ധ്യാനത്തിനൊരുക്കമായുളള റീജിയണല്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ജൂണ്‍ 6 മുതല്‍ ആരംഭിക്കുന്നു. രൂപതയിലെ 8 റീജിയണുകള്‍ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ വച്ചായിരിക്കും ഈ ധ്യാനങ്ങള്‍ നടക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മ്മിംഗ്ഹാം, സൗത്താംപ്റ്റണ്‍ എന്നിവിടങ്ങളിലായി ജൂണ്‍ 6 മുതല്‍ 20 വരെ നടക്കുന്ന കണ്‍വന്‍ഷനുകളില്‍ പ്രസിദ്ധ വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, റെജി കൊട്ടാരം എന്നിവര്‍ വചനശുശ്രൂഷ നയിക്കും. ഒക്ടോബര്‍ മാസത്തില്‍ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന് വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണ്‍ തലത്തില്‍ ഒരുക്ക ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ധ്യാനങ്ങളുടെ ആത്മീയ വിജയത്തിനായും വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കുന്നതിനായും ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും മധ്യസ്ഥ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ ആരംഭിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. രൂപതയുടെ എട്ടു വിവിധ റീജിയണുകളിലായി ധ്യാനം ഒരുക്കിയിരിക്കുന്നതിനാല്‍, രൂപതയുടെ എല്ലാ ഭാഗത്തുള്ളവര്‍ക്കും തങ്ങളുടെ ഏറ്റവും അടുത്തുള്ള റീജിയണുകളില്‍ പോയി സംബന്ധിക്കുവാനും അതുവഴി കൂടുതല്‍ പേര്‍ക്ക് ഈ ധ്യാനശുശ്രൂഷകളുടെ നല്ല ഫലങ്ങള്‍ സ്വീകരിക്കാനും ഇടയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രൂപതാധ്യക്ഷന്‍ രക്ഷാധികാരിയും വികാരി ജനറല്‍ റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ- ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക്, പ്രാദേശിക കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിതനായിരിക്കുന്ന ബഹു. വൈദികരുടെ നേതൃത്വത്തില്‍ ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വം പങ്കുചേരണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.