ലണ്ടന്‍: മോഷ്ടിച്ചുകൊണ്ടു പോയ വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വാഹനമോടിച്ച 15 കാരന് നാലര വര്‍ഷം തടവ് വിധിച്ച് കോടതി. അതേ സമയം മരിച്ചവര്‍ക്ക് ഈ ശിക്ഷയിലൂടെ നീതി ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 88 മൈല്‍ വേഗതയില്‍ പായുകയായിരുന്ന റെനോ ക്ലിയോ ഒരു മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ലീഡ്‌സിലായിരുന്നു അപകടമുണ്ടായത്. രക്ഷപ്പെട്ട 15കാരന്‍ മാത്രമായിരുന്നു സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നത്.

സംഭവത്തില്‍ സഹോദരന്‍മാരായ എല്ലിസ് (12) എലിയറ്റ് ത്രോണ്‍ടണ്‍ കിമ്മിറ്റ് (14), ഡാര്‍ണര്‍ ഹാര്‍ട്ട്(15), റോബി മീറണ്‍ (24), ആന്തണി ആര്‍മര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായി എന്ന കുറ്റത്തിനാണ് പേര് വെളിപ്പെടുത്താത്ത 15കാരന് ശിക്ഷ നല്‍കിയിരിക്കുന്നത്. അതേ സമയം ഇയാള്‍ക്ക് നല്‍കിയ ശിക്ഷ വളരെ കുറവാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അപകടത്തില്‍ മരിച്ചു കിടന്ന തന്റെ സഹോദരന്റെ മുഖമാണ് തനിക്ക് എന്നും ഓര്‍മയിലുള്ളതെന്നും അവന് നീതി ലഭ്യമായില്ലെന്നും ഡാര്‍ണല്‍ ഹാര്‍ട്ടിന്റെ സഹോദരി പറഞ്ഞു.

ലീഡ്‌സിലെ വില്‍ക്കിന്‍സണ്‍ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടകരമായ വേഗതയില്‍ നഗരത്തിലൂടെ പാഞ്ഞ വാഹനം റെഡ് ട്രാഫിക് ലൈറ്റുകളില്‍ 80 മൈലിലേറെ വേഗതയില്‍ കടന്നു പോയിരുന്നു. തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത കാര്‍ തന്റെ വാഹനത്തിനു നേരെ പാഞ്ഞെത്തുന്നതും മരത്തില്‍ ഇടിക്കുന്നതും കണ്ടതായി ഒരു സ്ത്രീ സാക്ഷ്യപ്പെടുത്തിയിരുന്നു. കാറിലുണ്ടായിരുന്നവര്‍ ചിലര്‍ പുറത്തേക്ക് തെറിച്ചു വീണു. രക്ഷപ്പെട്ട 15കാരന്‍ കാറില്‍ നിന്നിറങ്ങി ഓടിയെങ്കിലും ജനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.