ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രസീൽ : ആമസോൺ മഴക്കാടുകളിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങളിൽ ഒന്ന് ബ്രിട്ടീഷ് പരിസ്ഥിതി മാധ്യമപ്രവർത്തകൻ ഡോം ഫിലിപ്സിന്റേതാണെന്ന് സ്ഥിരീകരിച്ച് ബ്രസീലിയൻ പോലീസ്. രണ്ടാമത്തെ മൃതദേഹം ബ്രസീലിലെ ഗോത്രവർഗ വിദഗ്ധനായ ബ്രൂണോ പെരേരയുടേതാണെന്ന് വിശ്വസിക്കുന്നു. ബ്രസീലിലെ ജാവേരി താഴ്‌വരയ്ക്ക് അടുത്ത് നദിയിൽ യാത്ര ചെയ്യുമ്പോൾ ജൂൺ 5 നാണ് ഇരുവരെയും കാണാതായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി ഈ ആഴ്ച ആദ്യം ഒരാൾ വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ പേര് അമറിൽഡോ ഡാ കോസ്റ്റ ഡി ഒലിവേര എന്നാണെന്നു പോലീസ് പറയുന്നു.
പ്രതിയുടെ കുറ്റസമ്മതത്തിന് ശേഷം ഹൃദയം തകർന്ന അവസ്ഥയിലാണ് തങ്ങളെന്നു ഡോം ഫിലിപ്സിന്റെ കുടുംബം പറഞ്ഞു. തിരച്ചിലിൽ പങ്കെടുത്ത എല്ലാവരോടും തദ്ദേശീയരായ ആളുകളോടും ഫിലിപ്സിന്റെ ഭാര്യ അലസാന്ദ്ര സാമ്പായോ നന്ദി പറഞ്ഞു. 15 വർഷങ്ങളോളമായി ആമസോൺ കാടുകൾ സന്ദർശിക്കുന്ന വ്യക്തിയാണ് ഫിലിപ്സ്. അടുത്തിടെ ഗോത്രസമൂഹങ്ങളെപ്പറ്റിയും അവരുടെ പോരാട്ടങ്ങളെക്കുറിച്ചും ഒരു പുസ്തകമെഴുതാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതിനായാണ് 57 കാരനായ ഡോം ഫിലിപ്സ് വീണ്ടും ഇവിടെയെത്തിയത്.
ലോകത്തിലെ ഏറ്റവും വിദൂരമായ സ്ഥലങ്ങളിലൊന്നാണ് ബ്രസീൽ–പെറു അതിർത്തിക്കടുത്തുള്ള ജാവേരി താഴ്‌വര. റോഡുകളോ മറ്റു ഗതാഗത സംവിധാനങ്ങളോ ഇവിടെയില്ല. 19 തദ്ദേശീയ ഗോത്രവിഭാഗങ്ങൾ ഈ കൊടുംകാട്ടിൽ കഴിയുന്നു. അനധികൃത ഖനനം, തടിയെടുപ്പ്, മത്സ്യബന്ധനം എന്നിവ ഇവിടെ തുടർന്നുവന്നിരുന്നു. ഇതിന് കൃത്യമായ നടപടി എടുക്കാത്തതിന്റെ പേരിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൽസൊനാരോക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഡോം ഫിലിപ്സിനെയും ഫെരേരയെയും കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ബ്രസീലിലും ബ്രിട്ടനിലും പ്രകടനങ്ങൾ നടന്നിരുന്നു. 2009 മുതൽ 2020 വരെയുള്ള കാലയളവിൽ ആമസോണുമായി ബന്ധപ്പെട്ടുള്ള 139 പ്രകൃതി സംരക്ഷണ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.
Leave a Reply