തന്നെ തേടി പലവട്ടം എത്തിയ മരണത്തെ ധീരമായി നേരിട്ട രഞ്ജിത് കുമാര്‍ ഒടുവില്‍ മരണവുമായി സമരസപ്പെട്ടത് വിശ്വസിക്കാനാവാതെ യുകെയിലെ മലയാളി സമൂഹം. കഴിഞ്ഞ മൂന്ന് വര്‍ഷം നിരവധി തവണ മരണമുഖത്തെത്തി ജീവിതത്തിലേക്ക് തിരിച്ച് വന്ന രഞ്ജിത്ത് കുമാര്‍ ഇത്തവണയും അത് പോലെ പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ അതേ സൗമ്യ ഭാവത്തോടെ രഞ്ജിത് കുമാര്‍ ഈ ലോകജീവിതം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി യുകെയിലെ കേംബ്രിഡ്ജില്‍ താമസിച്ച് വരുന്ന രഞ്ജിത് കുമാര്‍ കൂത്താട്ടുകുളം തിരുമാറാടി സ്വദേശിയാണ്. അന്‍പത്തിയഞ്ചാം വയസ്സിലാണ് രഞ്ജിത് കുമാറിന്റെ വിയോഗം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പനി ബാധിച്ചത് കൊണ്ടാണ് അദ്ദേഹം ഇത്തവണ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരണത്തിന് കീഴ്പ്പെടുകയായിരുന്നു. തലച്ചോറിനെ ബാധിച്ച ഗുരുതരമായ അസുഖം മൂലം 2015 മുതല്‍ ചികിത്സയിലായിരുന്നു രഞ്ജിത് കുമാര്‍. അന്ന് മുതല്‍ പലപ്പോഴായി ചികിത്സയില്‍ കഴിഞ്ഞിരുന്ന രഞ്ജിത് കുമാര്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്.
ഇന്നലെ ഉച്ചയോടെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫ്യൂണറല്‍ ഡിറക്ടറേഴ്‌സ് ഏറ്റെടുക്കുന്നതോടെ വെള്ളിയാഴ്ച യുകെ മലയാളി സമൂഹത്തിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുങ്ങുകയാണ്. രഞ്ജിത്തിന്റെ ആഗ്രഹം പോലെ കമ്മ്യൂണിറ്റി സെന്റര്‍ വാടകക്ക് എടുത്താണ് പൊതുദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി സെന്ററില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ ആയിരിക്കും പൊതുദര്‍ശന സൗകര്യം അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിച്ചു മതപരമായ ചടങ്ങുകളോ പ്രാര്‍ത്ഥനകളോ മറ്റും ഉണ്ടായിരിക്കുന്നതല്ല എന്നും സൂചനയുണ്ട്.
ഇക്കാര്യം കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു ഇന്നലെ തന്നെ ധാരണയില്‍ എത്തിയിരുന്നു. യുക്തിവാദ നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിത വീക്ഷണം മാനിക്കാന്‍ ഏവരും തയ്യാറാവുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുന്‍പ് അദ്ദേഹം സജീവമായിരുന്നപ്പോള്‍ താന്‍ രോഗത്തില്‍ നിന്നും പലവട്ടം മടങ്ങി വന്നതില്‍ ദൈവത്തിനു വലിയ റോള്‍ ഒന്നും ഇല്ലെന്നു വ്യക്തമായി എഴുതിയിരുന്നു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ആയ അദ്ദേഹം കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് തന്റെ സമയവും ഊര്‍ജ്ജവും ആവശ്യത്തിലേറെ നല്‍കിയിട്ടുണ്ട് . യുക്മയില്‍ ഏവരോടും സമദൂര സിദ്ധാന്തം പുലര്‍ത്തിയ അപൂര്‍വം പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് രഞ്ജിത്ത്. സംഘടനയുടെ വളര്‍ച്ച മാത്രമാണ് എക്കാലവും രഞ്ജിത്ത് പങ്കിട്ടിരുന്ന ആശയം.
നാല് വര്‍ഷം മുന്‍പ് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവം ആശുപത്രിയില്‍ എത്തിച്ച രഞ്ജിത ഇക്കാലമത്രയും മരുന്നുകളും മറ്റുമായാണ് കഴിഞ്ഞു കൂടിയതും. ആറുമാസത്തിലധികം ആയുസ്സില്ലെന്നു പറഞ്ഞ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ നാല് വര്‍ഷം പിന്നിട്ട അദ്ദേഹം ഇക്കാലയളവിലും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. തലയോട് തുറന്നുള്ള ശസ്ത്രക്രിയക്ക് മൂന്നുവട്ടം വിധേയനായ ശേഷം വീണ്ടും ഊര്‍ജ്വസ്വലതയോടെ സാമൂഹ്യ രംഗത്ത് നിറഞ്ഞ രഞ്ജിത് കുമാര്‍ സകലരുടെയും മുന്നില്‍ നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതീകമായും വിലയിരുത്തപ്പെട്ടിരുന്നു. ഒരു പനി വന്നാല്‍ തളരുന്നവര്‍ക്കിടയിലാണ് മാരക രോഗത്തെ നിസംഗതയോടെ നേരിട്ട് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും മുഖമായി മാറിയത്.
ശവസംസ്‌ക്കാരം സംബന്ധിച്ച തിയതി ഫ്യൂണറല്‍ ഡിറക്ടര്‍സ് മൃതദേഹം നാട്ടില്‍ എന്ന് എത്തിക്കാന്‍ കഴിയും എന്നറിയിച്ചു കഴിഞ്ഞ ശേഷം മാത്രമേ തീരുമാനിക്കൂ. മിക്കവാറും തിങ്കളഴ്ച ഇക്കാര്യത്തില്‍ തീരുമാനമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത ആഴ്ച മുതല്‍ ഈസ്റ്റര്‍ അവധിക്കായി ഒട്ടേറെ മലയാളികള്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നതിനാല്‍ അനേകം പേര്‍ക്ക് കേരളത്തില്‍ എത്തി രഞ്ജിത് കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയും.
Leave a Reply