ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ നിലവിലുള്ള വാടക കരാറിൽ കാതലായ പൊളിച്ചെഴുത്തിന് ഗവൺമെൻറ് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി റെൻ്റെഴ്സ് റൈറ്റ് ബിൽ ഹൗസ് ഓഫ് ലോർഡ്‌സിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പുതിയതായ ചില കാര്യങ്ങൾ കൂടി ചേർക്കുന്നതുൾപ്പെടെ 100 ലധികം ഭേദഗതികൾ ബില്ലിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പുതിയ നിയമങ്ങൾ ഇംഗ്ലണ്ടിലെ വാടകക്കാർക്ക് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്.
വാടകക്കാരുടെ അവകാശ ബില്ലിന്റെ പല ഭാഗങ്ങളും പ്രകടനപത്രികയിൽ ലേബർ പാർട്ടി നടത്തിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടവയാണ്. അതായത് സ്വകാര്യ വാടകയെ പരിവർത്തനം ചെയ്യുമെന്ന ലേബർ ഗവൺമെന്റിന്റെ പ്രകടന പത്രികയിലെ പ്രതിജ്ഞയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വാടകക്കാരുടെ അവകാശ ബിൽ. 2024ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിക്കാനിരുന്ന കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപകൽപന ചെയ്തിരുന്ന ബില്ലിലെ നിർദ്ദേശങ്ങളിൽ പലതും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയതും നിലവിലുള്ളതുമായ വാടകക്കാർക്ക് ഒരേ സമയം പുതിയ വാടക സമ്പ്രദായം ബാധകമാകും. ഇത് നിലവിലുള്ള പല ആശയ കുഴപ്പങ്ങളും ഇല്ലാതാക്കുമെന്നും വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുമെന്നും ആണ് സർക്കാർ പറയുന്നത്.
പുതിയ ബില്ലിലെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഇനി സാധിക്കില്ല. അതുപോലെ തന്നെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാത്രമേ വാടക വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുവാൻ വാടകക്കാർക്ക് അവകാശം നൽകുന്ന നിബന്ധനകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഭൂ ഉടമയ്ക്ക് നിയമത്തിൽ നിർവചിച്ചിരിക്കുന്ന സാധുവായ കാരണം ഉണ്ടെങ്കിൽ മാത്രമേ കുടിയിറക്കൽ നടത്തുവാനാകുകയുള്ളൂ. പുതിയ സംവിധാനത്തിന് കീഴിൽ, ഒരു വാടകക്കാരൻ ഒരു വസ്തുവിലേക്ക് മാറുമ്പോൾ 12 മാസത്തേക്ക് (അവർ അവരുടെ വാടക കരാർ ലംഘിക്കുന്നില്ലെങ്കിൽ) അവരെ കുടിയിറക്കലിൽ നിന്ന് സംരക്ഷിക്കും. അതിനുശേഷം, വീട്ടുടമസ്ഥൻ പ്രോപ്പർട്ടി വിൽക്കാനോ താമസം മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ നാല് മാസത്തെ അറിയിപ്പ് നൽകേണ്ടതുണ്ട്. നിലവിൽ കോടതിയിൽ കേസുകൾ കെട്ടി കിടക്കുന്ന സാഹചര്യത്തിൽ വാടകക്കാരുടെ അവകാശം മൂലമുണ്ടാകുന്ന കേസുകൾ എങ്ങനെ നിയമ വ്യവസ്ഥയെ ബാധിക്കുമെന്ന ചോദ്യവും ഒരു ഭാഗത്തുനിന്ന് ഉയർന്നു വരുന്നുണ്ട് .
Leave a Reply