പത്താംനിലയിലുള്ള താമസക്കാരിയായ സ്ത്രീ സ്വന്തം കുട്ടിയുടെ ജീവൻ പണയം വെച്ച് ഒരു സാരി സംരക്ഷിക്കാൻ ശ്രമിച്ച ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.സ്വന്തം മകനെ പത്താം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് കെട്ടിയിറക്കുകയായിരുന്നു ഈ അമ്മ. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടർ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിർ വശത്തെ അപാർട്‌മെന്റിൽ താമസിക്കുന്നവരാണ് വീഡിയോ പകർത്തിയത്.
ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാൽക്കണിയിൽ വീണ സാരി എടുക്കാനാണ് പത്താം നിലയിൽ നിന്നും മകനെ അമ്മയും മറ്റു കുടുംബാംഗങ്ങളും ചേർന്ന് ബെഡ്ഷീറ്റിൽ താഴേക്കിറക്കിയത്. ബെഡ് ഷീറ്റ് കയർ പോലെ പിരിച്ചശേഷമാണ് മകനെ അതിലൂടെ താഴേക്ക് ഇറക്കിയത്. തുടർന്ന് സാരിയെടുത്ത ശേഷം അമ്മയും മറ്റുള്ളവരും ചേർന്ന് മകനെ വലിച്ചു കയറ്റുന്നതും വീഡിയോയിൽ കാണാം. കുട്ടി അപകടമൊന്നും കൂടാതെ തിരിച്ചുകയറിയത് ഭാഗ്യമെന്നാണ് ദൃക്‌സാക്ഷകളടക്കം പറയുന്നത്.
അതേസമയം, പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് സാരി തിരിച്ചെടുക്കാൻ യുവതി ആരുടെയും സഹായമോ ഉപദേശമോ തേടിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ ഇറക്കുകയായിരുന്നെന്നുമാണ് അയൽവാസികൾ പറയുന്നത്. ഇവർ ഹൗസിംഗ് അസോസിയേഷനുമായി ബന്ധപ്പെടേണ്ടതായിരുന്നുവെന്നും സംഭവത്തിൽ അസോസിയേഷൻ യുവതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. എന്നാൽ പിന്നീട് തന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി യുവതി പ്രതികരിച്ചതായാണ് വിവരം











Leave a Reply