ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പൊതുമേഖല ജീവനക്കാർക്ക് 6% ശമ്പള വർദ്ധനവ് നൽകണമെന്ന് ശുപാർശ ചെയ്യുന്ന സ്വതന്ത്ര അവലോകന ബോഡികളുടെ തീരുമാനത്തെ അസാധുവാക്കാൻ സർക്കാരിന് കഴിയുമെന്ന പുതിയ റിപ്പോർട്ടുകൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ വാർത്തകൾ പുറത്തുവന്നതോടെ യൂണിയനുകൾ സർക്കാരിനെതിരെയും പ്രധാനമന്ത്രി റിഷി സുനകിനെതിരെയും കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു നേരത്തെ ഭക്ഷണം പോലും ശരിയായ രീതിയിൽ ലഭ്യമാക്കുവാൻ സാധിക്കാത്ത തൊഴിലാളികളെയാണ് ഗവൺമെന്റ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ആരോപിച്ചു.

പണപ്പെരുപ്പം വർദ്ധിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ, സമ്പദ് വ്യവസ്ഥയിലേക്ക് പണം നേരിട്ട് നൽകുന്നത് പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുന്ന സാഹചര്യത്തിലേയ്ക്കാകും നയിക്കുകയെന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന മറുപടി. എന്നാൽ ശമ്പള സെറ്റിൽമെന്റുകൾ സംബന്ധിച്ച് അവലോകനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇതുവരെയും അന്തിമ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അധ്യാപകരുടെയും ജൂനിയർ ഡോക്ടർമാരുടെയും ശമ്പള വർദ്ധനവ് സംബന്ധിച്ച ശുപാർശകൾ അവലോകന ബോഡികളിൽ നിന്നും ഗവൺമെന്റിന് ലഭിച്ചതായും അത് അടുത്ത മാസം പ്രസിദ്ധീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അധ്യാപകർക്കുള്ള ശുപാർശ മുൻ സെറ്റിൽമെന്റുകളേക്കാൾ കൂടുതലാണെന്നും ഇത് 6.5% വരെ നീളുമെന്നും സൂചനകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുന്ന സാഹചര്യം നാം സൃഷ്ടിക്കുകയാണെങ്കിൽ അത് ഭാവിയിൽ നമ്മളെ കൂടുതൽ ദരിദ്രരാക്കുമെന്നും, അതോടൊപ്പം തന്നെ സാധനങ്ങളുടെ വിലയിലുള്ള കുതിച്ചുകയറ്റം തടഞ്ഞു നിർത്താനാവുകയില്ലെന്നും ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ സെക്രട്ടറി ഗിലിയൻ കീഗൻ അഭിപ്രായപ്പെട്ടു. എന്നാൽ പൊതുമേഖല വേതനത്തെക്കുറിച്ച് വളരെ വിശാലമായ രീതിയിലുള്ള തന്റെ അഭിപ്രായമാണ് വിദ്യാഭ്യാസ സെക്രട്ടറി രേഖപ്പെടുത്തിയതെന്നും, ശമ്പള അവലോകന പ്രക്രിയയുടെ അന്തിമഫലത്തെ സംബന്ധിച്ചല്ല അദ്ദേഹം സംസാരിച്ചതെന്നുമായിരുന്നു വിദ്യാഭ്യാസ വകുപ്പ് നൽകിയ വിശദീകരണം. ശമ്പള വർദ്ധനവിനെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ മന്ത്രിമാർ വ്യക്തമായി പരിഗണിക്കുകയാണെന്നും, ഇത് സംബന്ധിച്ച് ഉടൻതന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു തീരുമാനം ഉണ്ടാകുമെന്നും മറ്റൊരു ഗവൺമെന്റ് സ്രോതസ്സ് വ്യക്തമാക്കി.

യുകെയിലെ പണപ്പെരുപ്പം പൊതുമേഖല ജീവനക്കാരല്ല ഉണ്ടാക്കുന്നതെന്നും, മറിച്ച് അവർ ജീവിത ചെലവുകളിലുള്ള വർദ്ധനവ് മൂലം ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പോൾ നൊവാക് മാധ്യമങ്ങളോട് പറഞ്ഞു. അധ്വാനിക്കുന്ന ജനങ്ങളുടെ ശമ്പളം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് ശരിയായ നടപടിയല്ലെന്നും, അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം തന്നെ ജൂനിയർ ഡോക്ടർമാരുടെയും അധ്യാപകരുടെയും സമരം അടുത്ത മാസം ഉണ്ടാകുമെന്ന പ്രഖ്യാപനവും വന്നിട്ടുള്ളത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.