കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണ കുമാരിയുടെ ആത്മഹത്യ ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. ഗൈഡ് ഡോക്ടർ എൻ രാധിക മാനസികമായി തകർത്തതാണ് കൃഷ്ണകുമാരിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർത്ഥിയായി കൃഷ്ണ കുമാരി അമൃത കോളേജിൽ ചേർന്നത്. അഞ്ച് വർഷമായി ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ കോയമ്പത്തൂരിലെ അമൃത കോളേജിലാണ് ഗവേഷണം നടത്തിയിരുന്നത്.

ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചത് കൃഷ്ണ കുമാരിയുടെ ഗൈഡായ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

പ്രബന്ധത്തിൽ തിരുത്തൽ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ഗൈഡിന്റെ വാദം. ഇതുശരിയല്ലെന്നാണ് കൃഷ്ണ കുമാരിയുടെ സഹോദരി രാധിക പറയുന്നത്. കഴിഞ്ഞ ദിവസം കോളേജിൽ എത്തിയപ്പോൾ എന്തോ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടുവെന്നും മോശമായാണ് പെരുമാറിയതെന്നും കൃഷ്ണ കുമാരി പറഞ്ഞിരുന്നുവെന്ന് സഹോദരി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂർത്തിയാക്കി പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തിരുത്തലുകൾ പറഞ്ഞ് തടഞ്ഞതെന്നും എന്തെങ്കിലും തിരുത്തലുണ്ടെങ്കിൽ പബ്ലിഷിങ്ങിന് വിടുമായിരുന്നോ എന്നുമാണ് സഹോദരി ചോദ്യം ചെയ്യുന്നത്.

‘എപ്പോഴും കറക്ഷൻ എന്ന് പറഞ്ഞാണ് മാനസികമായി തളർത്തിയത്. പഠനത്തിൽ വളരെ മികവ് കാണിച്ചിരുന്ന കൃഷ്ണ കുമാരി പ്രബന്ധത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനസികമായി തകർന്നിരുന്നു. ഓരോ തവണ പ്രബന്ധം അംഗീകരിക്കാനായി സമർപ്പിക്കുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്’- കുടുംബം ആരോപിക്കുന്നു.

എന്നാൽ കൃഷ്ണയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമെന്ന് അധ്യാപിക എന്‍. രാധിക. പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ഗൈഡായിരുന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കൃഷ്ണയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അധ്യാപിക.