ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെയ് 1 വ്യാഴാഴ്ച യുകെയിൽ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ ഒന്നായിരിക്കുമെന്ന് ഗവേഷകർ. ഈ ദിവസം തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ താപനില 29°C ൽ എത്താൻ സാധ്യതയുണ്ട്. 1990 ൽ ലോസിമൗത്തിൽ രേഖപ്പെടുത്തിയ 27.4°C എന്ന മുൻ റെക്കോർഡിനെ മറികടന്നുള്ള താപനിലയായിരിക്കും ഇത്. രാജ്യത്തുടനീളം താപനില സാധാരണ രേഖപ്പെടുത്തിയതിനേക്കാൾ 7°C മുതൽ 11°C വരെ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. മെയ് 1 നു ശേഷം താപനില ക്രമേണ കുറയുമെന്നും ഗവേഷകർ പറയുന്നു.
ഏറ്റവും ചൂടേറിയ കാലാവസ്ഥ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലായിരിക്കും. ഇവിടെ താപനില 27C ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെയിൽസിൽ ഏകദേശം 26C താപനില ഉണ്ടാകുമെന്നാണ് പ്രവചനം. യുകെയിലെ മിക്ക ഭാഗങ്ങളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയർന്നതായിരിക്കും. എന്നാൽ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ ഇത് കുറവാണ്. UV (അൾട്രാവയലറ്റ്) അളവ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. ഉയർന്ന അൾട്രാവയലറ്റ് അളവ് സൂര്യതാപം, ചർമ്മത്തിന് കേടുപാടുകൾ, ചർമ്മ കാൻസർ പോലുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഈ ചൂടേറിയ കാലാവസ്ഥയിൽ ഉയർന്ന SPF ഉള്ള സൺസ്ക്രീൻ ധരിക്കുക, പരമാവധി സൂര്യപ്രകാശമുള്ള സമയങ്ങളിൽ (സാധാരണയായി രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ) തണലിൽ തുടരുക, സൺഗ്ലാസുകൾ ധരിക്കുക, തൊപ്പിയും ഇളം വസ്ത്രവും ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനും വെയിൽസിനും വിപരീതമായി സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും താരതമ്യേനെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
Leave a Reply