സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനോട് പടപൊരുതാനെന്നോണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ആറ് ആഴ്ചകൾ ആയി. വീട്ടിലിരുന്നാണ് മിക്കവരും ഇപ്പോൾ ജോലി ചെയ്യുന്നത്. വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടാകാതിരിക്കാൻ തുടർന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയാത്തവരും ലോക്ക്ഡൗണിന് ശേഷം ജോലി ചെയ്യേണ്ടവരും ജോലിസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഒരു നിർദേശം പുറത്തിറക്കി. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം കുറയ്ക്കാനും ഷിഫ്റ്റ്‌ സമയങ്ങൾക്കു പകരം വീട്ടിൽ ഇരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കാനും തൊഴിലുടമകളോട് അഭ്യർത്ഥിക്കുന്നു. യുകെയിൽ ഉടൻ തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കില്ലെന്ന് ഒരു വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ജോൺസൻ പറഞ്ഞിരുന്നു. തൊഴിലാളികൾക്കിടയിൽ 2 മീറ്റർ അകലം പാലിക്കുന്നത് അസാധ്യമാണെങ്കിൽ അധിക ശുചിത്വ നടപടിക്രമങ്ങൾ, ഫിസിക്കൽ സ്ക്രീനുകൾ, സംരക്ഷണ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പരിഗണിക്കണമെന്ന് ഡ്രാഫ്റ്റിൽ പറയുന്നു. ബസ്ഫീഡ് ന്യൂസ് കണ്ട മറ്റ് ഡ്രാഫ്റ്റിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ജോലിസ്ഥലത്തെ ക്രമീകരണങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശം ഉൾക്കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്ക്ഡൗണിന്റെ ഭാഗമായി മാർച്ച് 23 മുതൽ മിക്ക കമ്പനികളും അടഞ്ഞുകിടക്കുകയാണ്. ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ചയ്ക്കകം അവലോകനം ചെയ്യാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. വ്യാഴാഴ്ച്ചയ്ക്ക് അപ്പുറവും സ്കോട്ടിഷ് സർക്കാർ ലോക്ക്ഡൗൺ നടപടികൾ തുടരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. രോഗവ്യാപനം ഇപ്പോഴും ഉയർന്നിരിക്കുകയാണെന്ന് സ്റ്റർജിയൻ അറിയിച്ചു. തൊഴിലാളികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുക, ജോലി സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയുള്ള നടപടികൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂളുകൾ എപ്പോൾ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും, സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടും തുറക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നലെ ഇംഗ്ലണ്ടിൽ 204 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ അഞ്ചും വെയിൽസിൽ 14 മരണങ്ങളും കൂടി റിപ്പോർട്ട്‌ ചെയ്തു.

അതേസമയം കൂടുതൽ ആളുകൾ ജോലിയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതിനാൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഓപ്പറേറ്റർമാരുടെ പദ്ധതികളെക്കുറിച്ച് റെയിൽ യൂണിയനുകൾ ബോറിസ് ജോൺസന് കത്തെഴുതി. അടുത്ത ഞായറാഴ്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി വിവരങ്ങൾ പരിശോധിക്കുകയും രോഗം എത്രമാത്രം കുറഞ്ഞുവെന്ന് വിലയിരുത്തുകയും ചെയ്യും. ലണ്ടനിൽ വൈറസ് നിയന്ത്രണത്തിലായിരിക്കെ, വരും ദിവസങ്ങളിൽ നൈറ്റിംഗേൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ്, ഉദ്യോഗസ്ഥർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അവിടെ നിലവിൽ 20ഓളം രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.