ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ റീട്ടെയിൽ സെയിൽസിൽ വൻ കുതിച്ചു ചാട്ടം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് വർഷത്തിനിടയിലെ ഏറ്റവും കൂടിയ വർദ്ധനവ് ആണ് ചില്ലറ വിൽപനയുടെ കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപന വർധിക്കുന്നതിന് നല്ല കാലാവസ്ഥയും ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ കണക്കനുസരിച്ച് ജനുവരിക്കും മാർച്ചിനും ഇടയിലുള്ള റീറ്റെയിൽ സെയിൽസ് ആണ് കുതിച്ചുയർന്നത്. വിൽപനയുടെ അളവ് മുൻ വർഷത്തേക്കാൾ 1.6 ശതമാനമാണ് ഉയർന്നത് . ഇത് ജൂലൈ 2021 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ വർദ്ധനവാണ്. മാർച്ചിലെ തെളിവാർന്ന കാലാവസ്ഥ പല സാധനങ്ങളുടെയും ഡിമാൻഡ് കൂട്ടിയതാണ് റീറ്റെയിൽ സെയിൽസ് വർദ്ധനവ് ഉണ്ടാകാൻ കാരണമായത്. എന്നാൽ സൂപ്പർമാർക്കറ്റിലെ ഭക്ഷ്യ വിൽപനയുടെ അളവ് കുറഞ്ഞതായി ഒ എൻ എസിന്റെ കണക്കുകൾ കാണിക്കുന്നു.
എന്നാൽ തുടർ മാസങ്ങളിൽ വിൽപന കുറയാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം ഏപ്രിലിൽ ഇടിഞ്ഞതാണ് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മാർച്ചിൽ 0.4 ശതമാനം വിൽപ്പനയിൽ ഇടിവുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ ഇത് 0.4 ശതമാനം ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. വസ്ത്ര, ഷൂ സ്റ്റോറുകൾ ഏറ്റവും ശക്തമായ വളർച്ച കൈവരിച്ചു, മുൻ മാസത്തെ അപേക്ഷിച്ച് വിൽപ്പന 3.7% ഉയർന്നു.
Leave a Reply