ന്യൂസ് ഡെസ്ക് , മലയാളം യുകെ

പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. ഈ പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന രീതിയിലുള്ള തീവെട്ടിക്കൊള്ളകളുടെ കഥകളാണ് യുകെയിലെ റീട്ടെയിൽ മേഖലകളിൽ നിന്നും കേൾക്കുന്നത്. ആവശ്യ സാധനങ്ങളുടെ ദൗർലഭ്യം യുകെയിൽ എല്ലാ മേഖലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ദൗർലഭ്യം മുതലെടുത്ത് കൊള്ളലാഭം കൊയ്യുന്നതിൽ മുന്നിൽനിൽക്കുന്നത് ഏഷ്യൻ ഷോപ്പുകൾ ഉൾപ്പെടുന്ന ചെറുകിട വ്യാപാര മേഖലയാണ്. സൂപ്പർ മാർക്കറ്റുകളിൽ ആവശ്യ സാധനങ്ങൾക്ക് വലിയ തോതിലുള്ള ഡിമാൻഡും ദൗർലഭ്യം ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ റീട്ടെയിൽ മേഖലകൾ കൊറോണക്കാലത്ത് പരമാവധി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ്.

മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇതിന്റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. കാരണം മലയാളിയുടേയും മറ്റും പല ആവശ്യസാധനങ്ങൾ സൂപ്പർമാർക്കറ്റിൽ ലഭ്യമല്ല . വെറും 10 പൗണ്ടിൽ താഴെ വിലയുണ്ടായിരുന്ന 10 കിലോയുടെ കുത്തരി ബാഗിന് കഴിഞ്ഞദിവസം 36 പൗണ്ട് വരെ വാങ്ങിയവരുണ്ട്. ഒരു കിലോ ഇഞ്ചിയുടെ വില നേരെ ഇരട്ടിയായി 5 പൗണ്ട് വരെയായി. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതച്ചിലവ് വലിയ തോതിൽ വർദ്ധിച്ചത് കൊറോണ കാലത്തെ ഇരുട്ടടി ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടയിൽ കൊറോണാ കാലത്ത് അല്പം പണം ഉണ്ടാക്കാനായി ചില മലയാളി സുഹൃത്തുക്കൾ ഇറങ്ങി തിരിച്ചിട്ടുണ്ട്. സൗത്ത് ഇംഗ്ലണ്ടിലെ ഒരു മലയാളി 34 ചാക്ക് കുത്തരി വരെയാണ് വീടിനുള്ളിൽ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.ചാക്കിന് 10 പൗണ്ട് മുതൽ 12 പൗണ്ട് വരെ മുടക്കിയാണ് വാങ്ങിയതെങ്കിൽ മറ്റ് മലയാളികൾക്ക് മറിച്ചു വിൽക്കുന്നത് 25 പൗണ്ട് മുതൽ 30 പൗണ്ട് വരെ നിരക്കിലാണ്

ഓർക്കുക ഉപഭോക്താക്കൾക്കും അവകാശങ്ങളുണ്ട്. അമിത ലാഭം കൊയ്യുന്ന അവർക്കെതിരെ യുകെയിലെ നിയമ സംവിധാനങ്ങളെ സമീപിക്കാവുന്നതാണ്.