കാസര്‍കോട് പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപികയുടെ കൊലപാതകത്തില്‍ അന്വേഷണം ഉറ്റബന്ധുവിനെ കേന്ദ്രീകരിച്ച്. എറണാകുളം സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ജാനകിയോടും ഭര്‍ത്താവിനോടും ഇയാള്‍ക്ക് ശത്രൂതയുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥനത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ആരംഭത്തില്‍ വിവിധ ബന്ധുക്കള്‍ക്കൊപ്പം ഇപ്പോള്‍ പ്രധാനമായും സംശയിക്കുന്ന ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്തില്‍ അന്വേഷണ സംഘം അവലോകന യോഗം ചേര്‍ന്നു. ഈ യോഗത്തിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഉറ്റബന്ധുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ ഐജി പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നില്‍കി. സംഭവദിവസം ഇയാള്‍ സ്ഥലത്ത് എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ജാനകിയുടെ മരണവിവരം ബന്ധുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയും കുടുംബവും ഏറെ വൈകി എത്തിയതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.
നാട്ടുകാരില്‍ ചിലരുടെ മൊഴിയില്‍ ഈ സംശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ഇദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബലപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം കൃത്യം നടത്തിയവര്‍ ധരിച്ച മുഖംമൂടി കണ്ണൂര്‍ പറശിനിക്കടവിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയെതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്നുപേര്‍ ഒരുമിച്ചെത്തിയാണ് മുഖം മൂടി വാങ്ങിയതെന്ന് കടയുടമ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് സൂചന ലഭിക്കുമെന്നാണ് പ്രതീകഷ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന പരിസരവാസി എത്താതിരുന്നതും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നു.സംഭവം നടന്ന് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും പ്രതികളിലേയ്ക്ക് വെളിച്ചം വീശുന്ന കൃത്യമായ സൂചനകള്‍ ലഭിക്കാത്തതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.
Leave a Reply