ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം 

യുകെയിലുടനീളം അനിയന്ത്രിതവും അനധികൃതവുമായിട്ടുള്ള  കെയർ ഹോമുകളിൽ കഴിയുന്ന കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. പല കെയർ ഹോമുകളും രജിസ്റ്റർ ചെയ്യപ്പെടാത്തതാണ്. നിയന്ത്രണാതീതമായ ഇത്തരം സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കൗമാരക്കാരായ കുട്ടികൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്.


ലൈംഗിക പീഡനങ്ങൾ മൂലവും, ലഹരിയിൽ അടിമപ്പെട്ടതും, രക്ഷിതാക്കൾ വഴക്ക് പറയുന്നതു കൊണ്ട് വീട്ടിൽ നിന്നും ഒളിച്ചോടുന്നതുമായ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ഇത്തരം കെയർ ഹോമുകളിൽ പാർപ്പിച്ചിരി ക്കുന്നത്. ഈ കെയർ ഹോമുകൾ സ്വകാര്യമായി പ്രവർത്തിക്കുന്നതുകൊണ്ട് ഗവണ്മെന്റിന് ഈ ഈ സ്ഥാപനങ്ങളുടെ മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇവിടെ കുട്ടികൾ സുരക്ഷിതരല്ല എന്നുള്ളത് മാത്രമല്ല പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നു.അവർ വീണ്ടും കുറ്റകൃത്യങ്ങളുടെ പാതതന്നെ സ്വീകരിക്കുന്നു.


അധികൃത സ്ഥലങ്ങളിൽ കുട്ടികളെ പാർപ്പിച്ചത് 2016 – 17 നും 2018 – 19നും ഇടയിൽ 22 % വർദ്ധിച്ചു. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോട് ബന്ധപ്പെട്ട് അടുത്തിടെ നടന്ന പാർലമെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സങ്കീർണ്ണമായ വ്യക്തിത്വമുള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് ചിൽഡ്രൻസ് സൊസൈറ്റിയിലെ പോളിസി മാനേജർ ഐറിന പോണ പറഞ്ഞു. ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ ലൈംഗികമായും മറ്റുമുള്ള ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത വളരെ ഏറെയാണ് അവർ കൂട്ടിച്ചേർത്തു.