-കാരൂര്‍ സോമന്‍, ചാരുംമൂട്-
ഇന്‍ഡ്യയുടെ സാഹിത്യ-സംഗീത – സാംസ്‌കാരിക ചിന്തകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മലയാളിയുടേത് മതേതരമനസ്സു മാത്രമല്ല കാല്‍പ്പനികവും പ്രണയാതുരവുമാണ്. ഇവിടുത്തെ അമ്പലവരമ്പിനും കുളത്തിനും കളപ്പുരയ്ക്കും കല്‍തത്തുറുങ്കുകള്‍ക്കുപോലും ഒരു സംഗീതമുണ്ട്. മലയാളമണ്ണില്‍ ആ സംഗീതവും സാഹിത്യവും വിപ്ലവാത്മകമായ ഒരു നവോത്ഥാനമാണ് സമൂഹത്തിന് നല്കിയത്. ആ മണ്ണിലേക്ക് ഒരു ഗസ്സല്‍ഗായകന്‍ ഗുലാം അലി പാകിസ്ഥാനില്‍നിന്ന് വന്നത് മതമൗലിക വാദികള്‍ക്കിഷ്ടപ്പെട്ടില്ല. അധികാരികള്‍ അദ്ദേഹത്തെ ആദരിച്ചെങ്കിലും ഗായകന്റെ തലയില്‍ കരിഓയില്‍ ഒഴിക്കാഞ്ഞത് മലയാളിയുടെ മഹാഭാഗ്യം. ഇന്‍ഡ്യയും പാകിസ്ഥാനുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് ജനങ്ങള്‍ തെരെഞ്ഞെടുത്ത ഭരണാധിപന്‍മാരാണ്. അവര്‍ക്ക് കഴിവില്ലെങ്കില്‍ അമര്‍ഷം തീര്‍ക്കേണ്ടത് കലാ-കായിക രംഗത്തുള്ളവരോടല്ല. സത്യത്തില്‍ സാമൂഹ്യമായ അരാജകത്വമാണ് ഈ കൂട്ടര്‍ നടത്തുന്നതും നമ്മുടെ കര്‍ണ്ണദ്വയങ്ങളില്‍ മധുരമായി തഴുകിയെത്തുന്ന കളകളാരവവും കുളിര്‍മയും മനുഷ്യമനസ്സുകളില്‍ ആനന്ദകരമായ ഒരനുഭൂതിയാണുണ്ടാക്കുന്നത്. അത് തിരിച്ചറിയാന്‍ കഴിയാത്തവര്‍ കലയുടെ കലവറയായ മലയാള ഭാഷയെ തിരിച്ചറിയാത്തവരാണ്.

കൊളോണിയന്‍ ശക്തികളെപോലെ മതത്തിന്റെ മറവില്‍ അധീശത്വം സ്ഥാപിക്കയാണ് ഇവരുടെ ലക്ഷ്യം. ഇവര്‍ മനസ്സിലാക്കിയിരിക്കുന്നത് സംഗീതവും സാഹിത്യവും അഭിനവ സിനിമ-സീരിയലുകള്‍ പോലെയാണെന്നാണ്. മനുഷ്യമനസ്സുകളില്‍ നിര്‍ണ്ണായകമായ സ്വാധീനശക്തികളാണിവര്‍. അത് മതപുസ്തകങ്ങള്‍മാത്രം വായിക്കുന്നവര്‍ തിരിച്ചറിയുന്നില്ല. ഒരു ഭാഷയ്ക്ക് ആഴവും അഴകും നല്കുന്ന സാഹിത്യകാരന്മാരെ, കവികളെ, പാട്ടുകാരെ ആക്രമിക്കക, കൊല്ലുക, കരിഓയില്‍ ഒഴിക്കുക ഇതൊക്കെ ചെയ്യുന്നവര്‍ സമൂഹത്തില്‍ അസമത്വവും അശാന്തിയും സൃഷ്ടിക്കുന്നവരാണ്. ചരിത്രം പഠിച്ചിട്ടില്ലെങ്കില്‍ ആത്മീയതയറിഞ്ഞില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ നായ്ക്കളുടെ നാടാക്കി മാറ്റുമോ?കേരളത്തിലറിയപ്പെടുന്നത് രണ്ട് സംഗീതശാഖകളാണ്. കര്‍ണ്ണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും. ഹിന്ദുസ്ഥാനി സംഗീതത്തില്‍ വളരെ താളലയങ്ങളോടെ അവതരിപ്പിക്കുന്നതാണ് ഗസ്സല്‍ സംഗീതം. കുട്ടികളെ താരാട്ടുപാടിയുറക്കാനായും ഈ ഗസ്സല്‍ ഉപയോഗിക്കുന്നുണ്ട്. ഈ ഗസ്സല്‍ കേള്‍ക്കാന്‍ ഇന്‍ഡ്യക്കാരനു പാകിസ്ഥാനിയും മാത്രമല്ല ലോകമെമ്പാടും സംഗീതാസ്വാദകര്‍ ഇഷ്ടപ്പെടുന്നു.

ഗസ്സല്‍ ഗായകര്‍ സംഗീതസദസ്സുകളെ ആനന്ദത്തിലാറാടിക്കുന്നു. ഇദ്ദേഹത്തിന്റെ ഗസ്സല്‍ ഞാനും നേരില്‍ കേട്ടിട്ടുള്ള വ്യക്തിയാണ്. ഇരുണ്ട മുറിക്കുള്ളിലിരുന്ന് കാഴ്ചകള്‍ കാണുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല. നമ്മുടെപഴയ നാടോടിപാട്ടുകള്‍, കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയാല്‍ നല്ല ഗസ്സല്‍ ഗാനങ്ങളുണ്ടാകാതിരിക്കില്ല. കാലാകാലങ്ങളിലായി മലയാളികള്‍ സംഗീതം ഇഷ്ടപ്പെടുന്നവരും വായനാശീലമുള്ളവരുമാണ്. പ്രമുഖ പാശ്ചാത്യരാജ്യങ്ങള്‍ ഈ കാര്യത്തില്‍ നമ്മെക്കാള്‍ വളരെ മുന്നിലാണ്. 1813ല്‍ ജനിച്ച് പതിനാറാം വയസ്സില്‍ തിരുവിതാംകൂര്‍ രാജാവായിത്തീര്‍ന സ്വാതിതിരുനാളിന്റെകാലം സംഗീതത്തിന് ഒരു സുവര്‍ണകാലമായിരുന്നു. നല്ലൊരു ഭരണാധിപനായതിനാല്‍ സംഗീതവും സാഹിത്യവും ഇതരകലകളും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരം സംഗീത – പണ്ഡിത കവിശ്രേഷ്ഠന്മാരാല്‍ നിത്യവും മുഖരിതമായിരുന്നു. സ്വാര്‍ത്ഥമതികളായ ഭരണാധിപന്മാര്‍ വെറും വിധേയരായി സംഗീത-സാഹിത്യലോകത്ത് കാണുന്നതിനാല്‍ മനുഷ്യഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ വേലിയേറ്റമുണ്ടാക്കാനാകുന്നില്ല. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടണിലെ വിക്‌ടോറിയ മഹാറാണി ഇംഗ്ലീഷും ഇംഗ്ലീഷ് സാഹിത്യവും ലോകമെമ്പാടുമെത്തിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച വ്യക്തിയാണ്. അങ്ങനെ വില്യം ഷേക്‌സ്പിയറിനെപോലുള്ളവരെ നമ്മള്‍ വായിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നല്ലൊരു ഭരണാധിപന്റെ പ്രത്യേകത സ്വന്തം ഭാഷയെ പെറ്റമ്മയെപ്പോലെ സ്‌നേഹിക്കുന്നതാണ്. മലയാളികള്‍ പാര്‍ക്കുന്ന രാജ്യങ്ങളിലെല്ലാം മലയാളമുണ്ട്. അവിടെയുള്ള മലയാളമോ, എഴുത്തുകാരോ, പാട്ടുകാരോ ഇവരെയൊന്നും തിരിഞ്ഞു നോക്കാറില്ല. എല്ലാ ഭാഗത്തും പ്രവാസികള്‍ കറവപ്പശുക്കളായി മാറിക്കൊണ്ടിരിക്കുന്നു. സ്വാതിതിരുനാള്‍ ഇരുന്നൂറിലധികം കീര്‍ത്തനങ്ങള്‍ മൂന്ന് ഭാഷകളിലായി സമ്മാനിച്ചിട്ടുണ്ട്. അതില്‍ കൂടുതലും സംസ്‌കൃതത്തിലാണ്. അദ്ദേഹത്തിന്റെ മലയാളഗാനങ്ങള്‍ ധാരാളമായിട്ടുണ്ട്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഇരയിമ്മന്‍ തമ്പി. ഗാനരചനയുടെ കാര്യത്തില്‍ രണ്ടുപേരും മത്സരിച്ചവരാണ്. ഇന്നുള്ളതുപോലുള്ള ഗൂഢമന്ത്രങ്ങളൊന്നും അന്നില്ലായിരുന്നു. ഇരയിമ്മന്‍തമ്പിയുടെ ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന താരാട്ട് ഇന്നും മലയാളിക്ക് മറക്കാന്‍ കഴിയില്ല. സംഗീതലോകത്ത് നമ്മള്‍ മറന്നുപോയ മറ്റൊരു പേരാണ് സംഗീതലോകത്തേ ഇരയിമ്മന്‍ തമ്പിയുടെ മകള്‍ കുട്ടികുഞ്ഞു തങ്കച്ചി. ഇവരുടെ കിളിപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളും ശ്രദ്ധേയമാണ്. ഇതുപോലെ ധാരാളം പേര്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അവരെ ഓര്‍ക്കാന്‍, അറിയാന്‍ ഇന്നത്തേ പാട്ടുകാര്‍ക്ക് കഴിയുന്നുണ്ടോ?

സമ്പന്നരായ പാശ്ചാത്യരാജ്യങ്ങളുടെ ചരിത്രം പടയോട്ടങ്ങളുടെയും വെട്ടിപ്പിടിത്തലിന്റെയും രക്തപങ്കിലമായ ചരിത്രമായിരുന്നെങ്കില്‍ ഭാരതത്തിന്റേത് അഹിംസയുടെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ സംസ്‌കാരമാണ്. ഏത് മതസ്ഥനായാലും മലയാളം മുറുകെ പിടിക്കുന്നത് മതേതര കാഴ്ചപ്പാടും അറിവിന്റെ ആധുനികതയുമാണ്. അവര്‍ക്ക് സംഗീതജ്ഞരെയും എഴുത്തുകാരെയും ആദരിക്കാനേ കഴിയൂ. മറിച്ച് അവഗണിക്കാനാകില്ല. എഴുത്തുകാരോടു ഗായകരോടും, കലാകാരന്മാരോടും മതമൗലികവാദികള്‍ കാട്ടുന്നത് ആര്‍ക്കും അംഗീകരിക്കാനായില്ല. ഇവര്‍ അറിയേണ്ട ഒരു കാര്യം എല്ലാ മതങ്ങളും മനുഷ്യനിര്‍മ്മിതിയാണ്. സമൂഹത്തില്‍ തിന്മകള്‍ അഴിച്ചുവിടാന്‍ മതം ഒരു സാമൂഹികമായ സാധൂകരണം മാത്രമാണ്. ഇവര്‍ അറിഞ്ഞിരിക്കേണ്ടത് ഹിന്ദുമതമെന്നൊരു മതമില്ലെന്നും ഹിന്ദു എന്ന പേര് സിന്ധു എന്ന പദത്തില്‍ നിന്നുണ്ടായതാണെന്നും ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്നും ചരിത്രമറിയാവുന്നവര്‍ക്കറിയുന്ന കാര്യമാണ്. ഹിന്ദുവിനെ മതമാക്കി വലിച്ചിഴച്ച് കൊണ്ടുവരുന്നവര്‍ക്ക് ഒരു നിഗൂഢലക്ഷ്യമുണ്ട്. അത് അധികാരമാണ്. ഇതരമതങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്.

അറിവില്ലാത്ത ജനത്തേ മതത്തിന്റെ പേരില്‍ വോട്ടകി മാറ്റുന്നവരെ മലയാളികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. നമ്മുടെ ജനാധിപത്യത്തില്‍ ഇവര്‍ കട്ടു മുടിച്ച് കൊഴുത്തു വീര്‍ക്കുന്നതല്ലാതെ പാവങ്ങള്‍ക്ക് എന്ത് പ്രയോജനം? ഈ കൂട്ടര്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തേ, നിയമവ്യവസ്ഥയെ വിശ്വാസങ്ങളെ മലിനമാക്കുന്ന ഏത് മതവിശ്വാസമായാലും മനുഷ്യരില്‍ ഒരാത്മാവുണ്ടെങ്കില്‍ ആ പരിശുദ്ധി അവന്റെ സ്വഭാവത്തിലും പ്രവര്‍ത്തിയിലുമുണ്ടായിരിക്കും. അവര്‍ക്ക് മതത്തിന്റെ പേരില്‍ വിശ്വാസങ്ങളുടെ പേരില്‍ രാജ്യങ്ങളുടെ പേരില്‍ ഒരിക്കലും സമൂഹത്തില്‍ വര്‍ഗ്ഗീയ ഫാസിസ്സം വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ ആ പരിശുദ്ധിയെ അശുദ്ധമാക്കുന്നവരാണ്. ഇവര്‍ക്ക് ഈശ്വരനോ വിശ്വാസമോ ഇല്ല. വെറും അഭിനവ വിശ്വാസികളാണ്. മതത്തിന്റെ പേരില്‍ തരംഗങ്ങള്‍ സൃഷ്ടിക്കയാണ് ഇവരുടെ തൊഴില്‍. സമാധാനപ്രിയരായ മലയാളികളാഗ്രഹിക്കുന്നത് സ്‌നേഹവും സമത്വവും സാഹോദര്യവുമാണ്. മറിച്ച് കലാപമല്ല.