ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫ മെഹ്നുവിന്റെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ടുദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. പ്രാഥമിക പരിശോധനയിൽ തന്നെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. റിഫയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാൽ മൃതദേഹം കബറിടത്തിൽനിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോൾതന്നെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിൽ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

റിഫയെ ശ്വാസം മുട്ടിച്ചിരുന്നോ, തലയോട്ടിയ്ക്ക് ഉൾപ്പടെ ശരീരത്തിൽ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാർത്ഥങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാർച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോർട്ടം നടത്തിയെന്നുപറഞ്ഞ് ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. നാട്ടിലെത്തിച്ച് തിടുക്കപ്പെട്ട് മൃതദേഹം കബറടക്കിയത് സംശയത്തിനിടയാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇൻക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.

കോഴിക്കോട് സബ്കളക്ടർ വി ചെൽസാ സിനി, മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിഎം ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻകെ നൗഫൽ, എം അബ്ദുറഹ്‌മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.