ലണ്ടൻ: പ്രവാസ ജീവിതത്തിൽ മരണങ്ങൾ എന്നും തീരാ വേദനകളാണ് ബന്ധുമിത്രാദികൾക്ക് സമ്മാനിക്കുന്നത്. കൊറോണ എന്ന മഹാമാരിക്ക് മുൻപ് ഒരു മരണം സംഭവിച്ചാൽ ഉറ്റവർക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. എന്നാൽ കൊറോണ എന്ന മഹാമാരി ആ അവസരവും ഇല്ലാതാക്കിയിരിക്കുകയാണ് എന്നത് വേദനയുടെ ആഴം കൂട്ടാൻ മാത്രമേ ഉപകരിച്ചിട്ടുള്ളു.
ലോകമെമ്പാടും ആയി പടർന്നുപന്തലിച്ച് പ്രവാസി മലയാളികൾ സ്വന്തം കുടുംബത്തെ കരകയറ്റാനായി അക്ഷീണം പണിയെടുക്കുന്ന സമയത്തുണ്ടാകുന്ന ഇത്തരം മരണങ്ങൾ ഉണ്ടാക്കുന്ന വേദന താങ്ങുക എന്നത് ഉറ്റവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.
ഈ മാസം ആദ്യം ഹാറോവില്‍ ആകസ്മികമായി മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ നടക്കും. കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതിരുന്ന റിജോ രാവിലെ ഉറക്കമെഴുന്നേറ്റ ഉടന്‍ കുഴഞ്ഞു വീഴുകയും പാരാമെഡിക്സ് എത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇതോടെ കോവിഡ് രോഗ സംശയം മൂലം അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റ് അടക്കം സീല്‍ ചെയ്‌തിരുന്നു.
പോലീസ് കര്‍ശന പരിശോധനകള്‍ നടത്തിയതോടെ യുകെയിലെ മാധ്യമങ്ങള്‍ റിജോയുടെ മരണത്തിനു വലിയ പ്രാധാന്യമാണ് നല്‍കിയത്. തുടർന്ന് കൂടെ താമസിച്ചിരുന്നവരുടെ സ്രവം പരിശോധന നടത്തി ഫലം നെഗറ്റീവ് ആയിട്ടാണ് വന്നത്. തുടര്‍ന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് 33 കാരനായിരുന്ന റിജോ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത് എന്നും കൊറോണ ബാധിച്ചിരുന്നില്ല എന്നും വ്യക്തമായത്. ഫെബ്രുവരി ഒടുവില്‍ നാട്ടില്‍ പോയി അമ്മയെയും ബന്ധുക്കളെയും കണ്ടു വന്ന ഉടനെയാണ് റിജോയെ തേടി മരണം എത്തുന്നത്.
മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തിയത് മൂലമാണ് കൊറോണ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയിലേക്കു സംശയം ഉയര്‍ത്തിയത്. റിജോയുടെ കൂടെ താമസിച്ചിരുന്നവര്‍ അറിയിച്ചത് അനുസരിച്ചാണ് സമീപവാസികളായ മലയാളികള്‍ മരണത്തെ കുറിച്ച് അറിയുന്നതു തന്നെ. എന്താണ് മരണകാരണമെന്ന് എന്നറിയാതെ തുടക്കത്തില്‍ കുടുംബം ഏറെ ആശങ്കപ്പെടുകയും ചെയ്തിരുന്നു.
പോലീസ് വിട്ടുനല്‍കിയ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും നിലത്തിറങ്ങിയത് റിജോവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തടസമായി. കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും തടസമായി മാറി. മാത്രമല്ല ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷവും നാട്ടില്‍ എത്തിയാല്‍ സംസ്‌കാരത്തിന് നിയന്ത്രണം ഉണ്ടാകും എന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ ലണ്ടനില്‍ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്. കൗണ്‍സില്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുന്നത്.
ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ തടസമില്ല എങ്കിലും ഒരുപാട് പേർ ഒരുമിച്ചു കൂടുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥന. മാര്‍ത്തോമ്മാ സഭ മുംബൈ ഡോംബിവിലി ഇടവകക്കാരന്‍ ആയിരുന്നു റിജോയും കുടുംബവും. മൃതദേഹ സംസ്‌കാരത്തിനും മറ്റും ആവശ്യമായ ചിലവുകള്‍ റിജോ ജോലി ചെയ്തിരുന്ന ഹോട്ടല്‍ സ്ഥാപനവും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വരൂപിച്ചത്. ലണ്ടനിൽ മരിച്ച സിജി തോമസിന്റെ ബോഡിയും നാട്ടിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു.
Leave a Reply