ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 40 വയസ്സിൽ താഴെയുള്ളവരിൽ ടൈപ്പ് 2 പ്രമേഹം കൂടുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. പ്രമേഹമുള്ളവരുടെ എണ്ണം 6 വർഷത്തിനുള്ളിൽ 39 ശതമാനം വർദ്ധിച്ചു. അമിതവണ്ണവും ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.
യൂറോപ്പിൽ ഏറ്റവും കൂടുതൽ അമിതവണ്ണം ഉള്ള ആളുകളുടെ എണ്ണത്തിൽ ബ്രിട്ടൻ മുൻനിരയിലാണ്. മുതിർന്നവരിൽ മൂന്നിൽ രണ്ടുപേർ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ എൻ എച്ച് എസ് പ്രതിവർഷം 6 ബില്യൺ പൗണ്ട് ചിലവഴിക്കുന്നു എന്നാണ് ഏകദേശ കണക്ക്. 2050 ഓടെ ഇത് പ്രതിവർഷം 10 ബില്യൺ പൗണ്ട് ആയി ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
40 വയസ്സിൽ താഴെയുള്ളവരിലുള്ള ടൈപ്പ് 2 പ്രമേഹം 2016- 17 കാലയളവിൽ 12,000 ആയിരുന്നു. എന്നാൽ നിലവിൽ ഇവരുടെ എണ്ണം 168,000 ആയി വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. 40 വയസ്സ് ഉള്ളവരേക്കാൾ കൂടുതൽ വേഗത്തിൽ ചെറുപ്പക്കാർക്ക് പ്രമേഹം പിടിപെടുന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. കുട്ടികളിലും യുവാക്കളിലും ടൈപ്പ് 2 പ്രമേഹം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിമാരോട് ആവശ്യപ്പെട്ടതായും ഡയബറ്റിസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് കോളെറ്റ് മാർഷൽ പറഞ്ഞു.
Leave a Reply