ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഭക്ഷണ, ഊർജ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ദരിദ്രരെ സഹായിക്കാൻ ചാൻസലർ റിഷി സുനക് തയ്യാറായില്ലെന്ന് ആരോപണം. കഴിഞ്ഞ ദിവസത്തെ മിനി ബജറ്റിൽ ദരിദ്ര കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതികൾ പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറായില്ല. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ചാൻസലർക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് റെസല്യൂഷൻ ഫൗണ്ടേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് തിങ്ക് ടാങ്കും ആരോപിച്ചു. എന്നാൽ, താൻ പ്രഖ്യാപിച്ച നികുതിയിളവ് കുറഞ്ഞ വേതനത്തിലുള്ളവരെ സഹായിക്കുമെന്ന് സുനക് മറുപടി നൽകി. നാഷണൽ ഇൻഷുറൻസ് അടയ്ക്കാനുള്ള ശമ്പള പരിധി ഉയർത്തിയത് ഇടത്തരക്കാർക്ക് ഗുണം ചെയ്യുമെന്നും സുനക് കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, വരും മാസങ്ങളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് കൂടുതൽ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകി. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി എൽബിസി റേഡിയോയോട് പറഞ്ഞു. ഇന്ധന തീരുവയിൽ ഒരു വര്‍ഷത്തേക്ക് ലിറ്ററിന് 5 പെന്‍സിന്റെ ഇളവ്, സോളാര്‍ പാനല്‍, ഹീറ്റ് പമ്പ് തുടങ്ങി ഹരിതോർജ്ജവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്ക് വാറ്റ് ഉണ്ടാകില്ല, നാഷണല്‍ ഇന്‍ഷുറന്‍സ് നല്‍കേണ്ട പരിധി 3000 വര്‍ദ്ധിപ്പിച്ച് 12,570 ആക്കി, 2024 ആകുമ്പോഴേക്കും വരുമാന നികുതി നിരക്കില്‍ ഇളവു വരുത്തി 20 ല്‍ നിന്നും 19 ആക്കും എന്നിവയാണ് പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങൾ.


ഈ വര്‍ഷം നേരത്തേ പ്രവചിച്ചിരുന്നത് പോലെ 6 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകില്ലെന്ന് സുനക് വ്യക്തമാക്കിയിരുന്നു.അത് 3.8 ശതമാനം മാത്രമായിരിക്കും. പണപ്പെരുപ്പം ശരാശരി 7.4 ശതമാനത്തില്‍ തുടരും. എന്നാൽ, വർഷാവസാനത്തോടെ പണപ്പെരുപ്പം 8 ശതമാനത്തിൽ കൂടുതലാകുമെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ജീവിത നിലവാര തകർച്ചയിലേക്ക് ബ്രിട്ടൻ നീങ്ങുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.