ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനകും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. ലൈംഗിക ആരോപണം നേരിടുന്ന ക്രിസ് പിഞ്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി. സാജിദ് ജാവിദ് രാജി വെച്ചതിനു പിന്നാലെയാണ് സുനകും രാജിക്കായി ഒരുങ്ങിയത്. അതേസമയം, വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ചാൻസലറായി നിയമിച്ചു. ജാവിദിന് പകരം ഡൗണിംഗ് സ്ട്രീറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കും.

“സർക്കാർ ശരിയായ രീതിയിൽ കാര്യക്ഷമതയോടും ഗൗരവമായും ഭരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ഒരുപക്ഷെ എന്റെ അവസാനത്തെ മന്ത്രിപദവി ആയിരിക്കാം. ഇപ്പോൾ രാജിയാണ് ഉത്തമം.” സുനക് ട്വിറ്ററിൽ കുറിച്ചു. ഭരണം നടത്താനുള്ള ജോൺസന്റെ കഴിവിൽ തനിക്ക് വിശ്വാസം നഷ്ടമായെന്ന് ജാവിദ് വ്യക്തമാക്കി. സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമായി ഇനി തുടരാനാവില്ല. ജോൺസന്റെ നേതൃത്വത്തിന് കീഴിൽ നിലവിലെ സാഹചര്യം മെച്ചപ്പെടില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് ജാവിദ് രാജിക്കത്തിൽ പറയുന്നു.

പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​ടെ അ​ച്ച​ട​ക്കം നോക്കേണ്ട പി​ഞ്ച​ർ അ​മി​ത മ​ദ്യ​പാ​ന​വും പെ​രു​മാ​റ്റ​ദൂ​ഷ്യ ആ​രോ​പ​ണ​വും കാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി​ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ് സ്ഥാ​നം രാ​ജി​വെ​ച്ചിരുന്നു. ആരോപണം നിലനിൽക്കേ ഇദ്ദേഹത്തെ സർക്കാരിലെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസ് ജോൺസന്റെ വീഴ്ചയാണെന്ന നിലപാടിലാണ് മന്ത്രിമാർ ഇരുവരും രാജിവെച്ചത്.

പാർട്ടി ഗേറ്റ് വിവാദവും ലൈംഗിക ആരോപണങ്ങളും സർക്കാരിന് മേൽ കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് ഈ രാജി. സ്വന്തം എംപിമാർ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് ജോൺസൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മന്ത്രിമാരുടെ രാജിക്ക് പിന്നാലെ ടോറി വൈസ് ചെയർ സ്ഥാനം ബിം അഫോളാമി രാജിവെച്ചു. രാജിക്ക് മറുപടിയായി ലേബർ നേതാവ് കെയർ സ്റ്റാർമർ, ഒരു തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നെന്നും രാജ്യത്തിന് ഭരണമാറ്റം ആവശ്യമാണെന്നും പറഞ്ഞു. പ്രതിസന്ധിയിലൊക്കെ ജോൺസനൊപ്പം നിന്ന രണ്ടുപേരാണ് ഇപ്പോൾ പടിയിറങ്ങിയത്. ധനമന്ത്രിയായ സുനക്കിന്റെ കൃത്യമായ ഇടപെടലുകൾ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഇരുവരുടെയും പടിയിറക്കം ബ്രിട്ടീഷ് സർക്കാരിനെ വലിയ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് തീർച്ചയാണ്.