ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകളിലെ വർദ്ധനവ് മൂലം പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാൻ ചാൻസലർ റിഷി സുനക് 1 ബില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകൾക്ക് 6,000 പൗണ്ട് വരെ ഗ്രാന്റ് ലഭിക്കും. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാൻ 30 മില്യൺ പൗണ്ട് അധിക ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. ഒമിക്രോൺ വ്യാപനം തീവ്രമായതോടെ ഉത്സവകാലത്തും ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധി നേരിടുകയാണ്. ഒമിക്രോൺ ആശങ്ക കാരണം ബുക്കിംഗിൽ വൻ തകർച്ചയുണ്ടായി. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകൾ നേരിടുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാൽ പിന്തുണ ഉറപ്പാക്കുകയാണെന്നും സുനക് പറഞ്ഞു.

സ്റ്റാറ്റ്യൂട്ടറി സിക്ക് പേ റിബേറ്റ് സ്കീം വീണ്ടും അവതരിപ്പിക്കുന്നതിലൂടെ 250 ൽ താഴെ ജീവനക്കാരുള്ള ബിസിനസുകൾക്ക് കോവിഡ് ബാധിച്ച ജീവനക്കാർക്ക് അസുഖ വേതനം നൽകുന്നതിന് പണം ക്ലെയിം ചെയ്യാൻ കഴിയും. സുനക്കിന്റെ ഫണ്ട്‌ പ്രഖ്യാപനത്തെ ചില വ്യവസായ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ ഈ നടപടികൾ വേണ്ടത്ര മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് മറ്റു ചിലർ. ക്രിസ്തുമസ് വരെ കടുത്ത നിയന്ത്രണങ്ങളൊന്നും വേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടെങ്കിലും ഒമിക്രോൺ വ്യാപനം തടയാൻ ചില നിയന്ത്രണങ്ങൾ ഉണ്ടായേക്കും.

പബ്ബുകളും റെസ്റ്റോറന്റുകളും പുറത്ത് തുറന്നയിടങ്ങളില്‍ മാത്രമേ ഭക്ഷണ-പാനീയങ്ങള്‍ വിളമ്പാകൂ എന്ന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം കോവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ സ്കോട്ട്ലൻഡ് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. എല്ലാ ഔട്ട്‌ഡോർ പരിപാടികളും 500 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. എഡിൻബറോയിലെ ഹോഗ്മാനേ സ്ട്രീറ്റ് പാർട്ടിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 90,629 പുതിയ കോവിഡ് കേസുകൾ യു കെയിൽ റിപ്പോർട്ട് ചെയ്തു.