ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെയിലെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനായി റിഷി സുനക്. സൺ‌ഡേ ടൈംസ് പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ 222ആം സ്ഥാനമാണ് സുനകിനും ഭാര്യ അക്ഷതയ്ക്കും. 730 മില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി. സുനക് സമ്പന്നരുടെ പട്ടികയിലുണ്ടെന്നത് “അതിശയകരമായ” വാർത്തയാണെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് ജനങ്ങൾക്ക് അടുത്ത ഏതാനും മാസങ്ങൾ കഠിനമായിരിക്കുമെന്ന് പറഞ്ഞ റിഷി സുനക് സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടത് വലിയ വിമർശനങ്ങൾക്കും വഴി തുറന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രയത്നം ഇവിടെ വ്യക്തമാണെന്നും അക്ഷത സ്വന്തം നിലയിൽ വിജയം കൈവരിച്ച സംരംഭകയാണെന്നും റാബ് കൂട്ടിച്ചേർത്തു.

ലണ്ടനിലെ കെൻസിംഗ്ടണിൽ ഏഴ് മില്യൺ പൗണ്ടിന്റെ അഞ്ച് കിടപ്പുമുറികളോട് കൂടിയ വീടും കാലിഫോർണിയയിലെ സാന്താ മോണിക്കയിലുള്ള ഒരു ഫ്‌ളാറ്റും ഉൾപ്പെടെ കുറഞ്ഞത് നാല് വസ്തുവകകൾ അക്ഷതയും ഋഷി സുനക്കും സ്വന്തമാക്കിയിട്ടുണ്ട്. 2013 ൽ സുനക്കിനൊപ്പം സ്ഥാപിച്ച വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ കാറ്റമരൻ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടർ കൂടിയാണ് അക്ഷത. 2010 മുതൽ അക്ഷത ഫാഷൻസ് എന്ന സ്ഥാപനവും അവർ നടത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകള്‍ കൂടിയായ അക്ഷതയ്ക്ക് നികുതി ഇളവ് നല്‍കിയെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ദശലക്ഷക്കണക്കിന് നികുതി ലാഭിക്കാന്‍ തന്റെ നോണ്‍- ഡൊമിസൈല്‍ പദവി ഉപയോഗിച്ചുവെന്നതായിരുന്നു അക്ഷതയ്ക്കു മേലുള്ള ആരോപണം. യു.കെയില്‍നിന്നുള്ള വരുമാനത്തിനു താന്‍ ബ്രിട്ടണില്‍ നികുതി അടയ്ക്കുന്നുണ്ടെന്നും, രാജ്യാന്തര വരുമാനത്തിന് രാജ്യാന്തര നികുതിയാണ് അടയ്ക്കുന്നുതെന്ന് അക്ഷത വ്യക്തമാക്കിയിരുന്നു. നികുതിക്കായി ഇനി ഇളവുകള്‍ അവകാശപ്പെടുന്നില്ലെന്നും, തനിക്ക് ലോകത്ത് എവിടെ വരുമാനം ഉണ്ടായാലും യു.കെയില്‍ നികുതി നല്‍കുമെന്നും അക്ഷത വ്യക്തമാക്കി.

യുകെയിൽ ഇപ്പോൾ 177 ശതകോടീശ്വരന്മാരുണ്ട്. കോവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ അതിസമ്പന്നരായ ആളുകളുടെ സമ്പത്ത് വർദ്ധിപ്പിച്ചെന്നും ദരിദ്രരായ ആളുകളുടെ സമ്പാദ്യം ഇല്ലാതാക്കിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ചിലെ സെന്റർ ഫോർ ഇക്കണോമിക് ജസ്റ്റിസ് മേധാവി ജോർജ്ജ് ഡിബ്സ് പറഞ്ഞു.