ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി റിഷി സുനക്. എ – ലെവലുകൾക്ക് പകരം പുതിയ ബാക്കലൗറിയേറ്റ് രീതിയിലുള്ള സംവിധാനം കൊണ്ടുവരാനാണ് സുനകിന്റെ തീരുമാനം. ഇതിൻ പ്രകാരം 18 വയസ്സുവരെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനവും കണക്കു പഠനവും നിർബന്ധമാക്കും. അതോടൊപ്പം തന്നെ 16 വയസ്സിനു ശേഷമുള്ള പഠനത്തിൽ കൂടുതൽ വിഷയങ്ങൾ പഠിക്കാനുള്ള സൗകര്യം കുട്ടികൾക്ക് ഉണ്ടാക്കുകയും ചെയ്യും. നിലവിൽ ഇംഗ്ലണ്ടിലെ എ – ലെവൽ സംവിധാനത്തിൽ വിഷയങ്ങളൊന്നും തന്നെ നിർബന്ധമല്ല, കണക്കും ഇംഗ്ലീഷും ഒക്കെ ആവശ്യാനുസരണം കുട്ടികൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ട്. കഴിഞ്ഞവർഷം ലിസ് ട്രസിനെതിരെ അദ്ദേഹം പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ പോലും, തന്റെ പ്രചാരണത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ സുനക് ഉൾപ്പെടുത്തിയിരുന്നു. നിലവിലെ എ – ലെവൽ സംവിധാനങ്ങളിൽ നിരവധി പോരായ്മകൾ ഉണ്ടെന്ന വിമർശനങ്ങളും അടുത്തിടെയായി ഉയർന്നുവന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ഇപ്പോൾ പ്രധാനമന്ത്രി പുതിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ തീരുമാനിച്ചിരിക്കുന്നത്.


ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടുവരുവാനുള്ള നീക്കം വിവാദങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കം ഇട്ടിട്ടുണ്ടെങ്കിലും, ഇതുവരെയും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. 2020-ൽ എ-ലെവൽ വിദ്യാർത്ഥികളിൽ 4.4 ശതമാനം പേർ മാത്രമാണ് മൂന്നിൽ കൂടുതൽ വിഷയങ്ങൾ എടുത്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതു മൂലം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിൽ സങ്കുചിതമായ പാഠ്യപദ്ധതിയാണ് ഉള്ളത്. ഫ്രാൻസിൽ വിദ്യാർത്ഥികൾക്ക് 6 നിർബന്ധിത വിഷയങ്ങളോടൊപ്പം, രണ്ടോ മൂന്നോ ഓപ്ഷണൽ വിഷയങ്ങളും ഉണ്ട്. ജർമ്മനിയിലും ഇതു പോലെ തന്നെയാണ് സാഹചര്യങ്ങൾ. ഇത്തരം ഒരു സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പുതിയ തീരുമാനങ്ങൾ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.