ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഏറ്റവും പുതിയ ടാക്സ് രേഖകൾ പ്രകാരം, അദ്ദേഹം കഴിഞ്ഞ വർഷം നികുതിയായി അടച്ചത് 508308 പൗണ്ട് തുകയാണെന്ന പുതിയ വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 2.2 മില്യൺ പൗണ്ട് തുകയാണ് അദ്ദേഹം കഴിഞ്ഞവർഷം സമ്പാദിച്ചത്. ഡൗണിംഗ് സ്ട്രീറ്റ് പ്രസിദ്ധീകരിച്ച രേഖകൾ പ്രകാരം, മൊത്തം വരുമാനമായ 432,884 പൗണ്ടിന്മേൽ പ്രധാനമന്ത്രി 163,364 പൗണ്ട് നികുതിയായി അടച്ചതായി വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടിൽ നിന്നുള്ള മൂലധന നേട്ടമായ 1.8 മില്യൺ പൗണ്ടിന് അദ്ദേഹം 359,240 പൗണ്ട് നികുതിയായി അടച്ചതായും ഇതിൽ വ്യക്തമാക്കുന്നുണ്ട്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, ഇത് രണ്ടാം തവണയാണ് അദ്ദേഹം തന്റെ വരുമാനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ചിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ രേഖയിൽ, അദ്ദേഹം പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ളതുൾപ്പെടെ മൂന്ന് സാമ്പത്തിക വർഷങ്ങളെ ഉൾപ്പെടുത്തിയിരുന്നു.


ഇലക്ഷൻ കാലത്ത് അദ്ദേഹം നടത്തിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തന്റെ വരുമാന കണക്കുകൾ പ്രസിദ്ധീകരിക്കുമെന്നത്. മുൻപുള്ള വർഷത്തേക്കാൾ അദ്ദേഹത്തിന്റെ വരുമാനവും അതോടൊപ്പം തന്നെ അടയ്ക്കുന്ന നികുതി തുകയും വർദ്ധിച്ചതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ധനകാര്യ മേഖലയിൽ ജോലി ചെയ്തിരുന്ന സുനക്, പാർലമെൻ്റിലെ ഏറ്റവും ധനികനായ എംപിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഇലക്ഷൻ കാലത്ത് അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്ത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ കൂടുതൽ വിവാദങ്ങൾ മുന്നോട്ടുവച്ചിരുന്നു. അടുത്തിടെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും റിഷി സുനകിന്റെ സ്വത്തിനെ സംബന്ധിച്ച് പരാമർശം നടത്തിയിരുന്നു. മോർട്ട്ഗേജ്‌ വർദ്ധനവ് ഒരു പ്രശ്നമായി പ്രധാനമന്ത്രിക്ക് തോന്നുകയില്ലെന്നും, എന്നാൽ സാധാരണക്കാരുടെ കൈയ്യിൽ അത്രയും സ്വത്തില്ലെന്നും ആയിരുന്നു അന്ന് സ്റ്റാർമർ സുനകിനെ വിമർശിച്ചത്. 2023-ലെ സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് അനുസരിച്ച്, സുനകിനും ഭാര്യ അക്ഷത മൂർത്തിക്കും ചേർന്ന് ഏകദേശം 529 മില്യൺ ഡോളർ ആസ്തിയുണ്ട്. ചാൻസലർ ജെറെമി ഹണ്ട് ഉൾപ്പെടെയുള്ളവരും തങ്ങളുടെ വരുമാന കണക്കുകൾ പൊതുജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയിട്ടുണ്ട്.